വെള്ളിയാമറ്റം: പിതാവിന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്ന കുടുംബത്തിന് കൈത്താങ്ങായി പതിമൂന്നുകാരൻ.
പഠനത്തോടൊപ്പം ജീവിതഭാരവും സ്വയം ഏറ്റെടുത്ത വെള്ളിയാമറ്റം കിഴക്കേപ്പറന്പിൽ മാത്യു ബെന്നിയെന്ന വിദ്യാർഥി നാടിനാകെ മാതൃകയാണ്.
പിതാവ് ബെന്നി നടത്തിയിരുന്ന പശുഫാമിന്റെ നടത്തിപ്പ് ഏറ്റെടുത്താണ് എട്ടാം ക്ലാസുകാരനായ മാത്യു കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്.
ബെന്നിയുടെ വിയോഗത്തോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചെങ്കിലും നിറകണ്ണുകളോടെയുള്ള മകന്റെ അഭ്യർഥന കണ്ട അമ്മ ഷൈനി ഇത് വേണ്ടെന്ന് വെച്ചു. ഇപ്പോൾ പശുക്കളെയെല്ലാം പരിപാലിക്കുന്നത് ഈ മിടുക്കനാണ്. അമ്മ വിലക്കിയാലും തന്റെ പ്രിയപ്പെട്ട പശുക്കളെ പരിപാലിക്കൽ സന്തോഷത്തോടെ നിറവേറ്റും. അച്ഛൻ ബെന്നിയായിരുന്നു കാലിവളർത്തൽ ആരംഭിച്ചത്. സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്തെ വരുമാനം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ പഠനവും മുന്നോട്ടു പോകില്ലെന്ന് കണ്ടതോടെയാണ് പശു വളർത്തൽ തുടങ്ങിയത് .ഒരു പശുവിൽ നിന്നാണ് തുടക്കം പിന്നീട് കൂടുതൽ പശുക്കളെ വാങ്ങി. ഇപ്പോൾ പതിമൂന്ന് പശുക്കളാണ് ഫാമിലുള്ളത്.
നന്നേ ചെറുപ്പം മുതൽ അച്ഛന്റെ കൂടെ പശുവിന് തീറ്റ ശേഖരിക്കാനും മേയ്ക്കാനും കറവയ്ക്കും ഒക്കെ കൂടുക മാത്യുവിന്റെ പതിവായിരുന്നു. പുലർച്ചെ നാലിന് ഉണരും. തൊഴുത്ത് വൃത്തിയാക്കി പശുവിനെ കുളിപ്പിച്ച് കറന്ന് ഏഴോടെ രാവിലത്തെ ജോലികൾ പൂർത്തിയാക്കും. പിന്നീട് ഓണ്ലൈൻ ക്ലാസിനൊരുങ്ങും. ക്ലാസു കഴിഞ്ഞാൽ പശുവിന് തീറ്റ നൽകും. പശുകൾക്ക് രോഗം വന്നാൽ അത് തിരിച്ചറിയുന്നതിനുള്ള മാത്യുവിന്റെ കഴിവും നാട്ടുകാർക്ക് അത്ഭുതമാണ് .
ഈ രംഗത്ത് മാത്യുവിന്റെ താല്പര്യവും മികവും കണ്ട് കൃത്രിമ ബീജസങ്കലനത്തിൽ ചെറിയ പരിശീലനവും ഈ കൊച്ചു മിടുക്കന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മാർ നൽകിയിട്ടുണ്ട്.
പഠിച്ചു വെറ്റിനറി ഡോക്ടർ ആകണമെന്ന ആഗ്രഹമാണ് മാത്യുവിന്. വെട്ടിമറ്റം വിമല പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് മാത്യു.
അമ്മയ്ക്കു പുറമെ ജേഷ്ഠൻ പത്താംക്ലാസുകാരനായ ജോർജും അനിയത്തി റോസ്മരിയും മാത്യുവിനൊപ്പം സഹായവുമായുണ്ട്.