മുവാറ്റുപുഴ: പശുക്കളിൽ ചർമമുഴ രോഗം പടരുന്നത് ക്ഷീരോത്പാദന മേഖലയിൽ ആശങ്കപരത്തുന്നു. കാപ്രിപോക്സ് വൈറസ് പരത്തുന്ന ചർമമുഴ രോഗം അഥവാ ലംപി സ്കിൻ ഡിസീസ് (എൽഎസ്ഡി) ജില്ലയുടെ കിഴക്കൻ മേഖലയിൽ മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.
നിലവിൽ രായമംഗലം, ഊരമന എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മാറാടിയിലും കായനാടും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
ജനുവരി ആദ്യവാരം തന്നെ എറണാകുളം, തൃശൂർ, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. രോഗബാധ ഉറപ്പാക്കാനായി ഭോപ്പാൽ ഹൈ സെക്യൂരിറ്റി ലാബിലേക്കയച്ച സാന്പിളുകളുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട പശുക്കളുടെ രക്തസാന്പിളുകളുടെ ഫലം കൂടി വന്നാലേ ജില്ലയിൽ രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നു വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു.
1920 കളിൽ സാംബിയയിലാണ് കാപ്രിപോക്സ് വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകത്ത് വിവിധയിടങ്ങളിൽ ഈ വൈറസിന്റെ സാന്നിധ്യമുണ്ടായി.
സാംബിയ, എത്യോപ്യ, ഈജിപ്റ്റ്, ഇസ്രായേൽ എന്നിവിടങ്ങളിൽ ഈ വൈറസ് കന്നുകാലികൾക്കിടയിൽ വൻ ദുരന്തം വിതച്ചിട്ടുണ്ട്. ഇന്ത്യയിൽ കഴിഞ്ഞവർഷം ഒഡീഷയിൽ രോഗം പടർന്നു പിടിച്ചിരുന്നു.
രോഗലക്ഷണങ്ങൾ
കഴലവീക്കം, കടുത്ത പനി, കാലുവേദന, കണ്ണിലും മൂക്കിലുംനിന്നു വെള്ളമൊലിക്കൽ എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. ദേഹം മുഴുവൻ ഒന്ന് മുതൽ അഞ്ച് സെന്റിമീറ്റർവരെ വ്യാസമുള്ള മുഴകൾ കണ്ടു തുടങ്ങുകയും ഇവ പഴുത്ത് പൊട്ടി വ്രണമാകുകയും ചെയ്യും. തീറ്റ എടുക്കാതെ വരിക, പാൽ വറ്റിപ്പോവുക തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ.
വൈറസ് രോഗമായതിനാൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. പ്രതിരോധ കുത്തിവയ്പുകളിലൂടെ ഒരു പരിധിവരെ രോഗം തടയാനാകും. ഈച്ചകളെ അകറ്റിനിർത്താൻ ശ്രദ്ധിക്കണം.
അകിട് വീക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യതയും കൂടുതലാണ്. മനുഷ്യരിലേക്ക് പകരുന്നതല്ല ഈ വൈറസ് എന്നത് ആശ്വാസകരമാണ്. കുതിര ഈച്ച, വട്ടൻ, കൊതുക് തുടങ്ങിയവ മൂലമുണ്ടാകുന്ന ബാഹ്യ പരാഗങ്ങൾ മൂലമാണ് കന്നുകാലികളിൽ ഇത് പ്രധാനമായും പടരുന്നത്.
ഫിനോൾ, സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനി, അലക്കുകാരം എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് തൊഴുത്തും പരിസരവും വൃത്തിയാക്കുന്നതും ചാണകക്കുഴി തുറസായി ഇടാതിരിക്കുന്നതും ഇവയെ അകറ്റാൻ സഹായിക്കും.
പ്രതിരോധ നടപടികളുടെ ഭാഗമായി രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ് നിർത്തലാക്കി വൈറസ് പ്രതിരോധ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു.
ഉന്നതലയോഗം 13ന്
ജില്ലയുടെ കിഴക്കൻ മേഖലയിൽ പശുക്കളിൽ ചർമമുഴ രോഗം സ്ഥിരീകരിച്ചതോടെ ക്ഷീരകർഷകരുടെ ആശങ്കയകറ്റുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും 13ന് ഉന്നതലയോഗം ചേരുമെന്ന് എൽദോ ഏബ്രഹാം എംഎൽഎ അറിയിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ പ്രസ് ഫോറം ഹാളിൽ മൃഗസംരക്ഷണ ഉന്നത ഉദ്യോഗസ്ഥർ, മണ്ഡലത്തിലെ മൃഗാശുപത്രികളിലെ ഡോക്ടർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കിഴക്കൻ മേഖല കേന്ദ്രീകരിച്ച് ഡോക്ടർമാരടക്കമുള്ള വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നു മന്ത്രി കെ. രാജുവിനോട് എംഎൽഎ ആവശ്യപ്പെട്ടു.
രോഗം പിടിപെടുന്ന മൃഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ലെങ്കിലും നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഇന്നു ജില്ലാ മെഡിക്കൽ ഓഫീസർ ലൈബി പോളിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും. രാവിലെ 10 ന് കോതമംഗലം മൃഗാശുപത്രിയിലും 11.30ന് മൂവാറ്റുപുഴ മൃഗാശുപത്രിയിലുമായിട്ടാണ് യോഗം.