സോഷ്യൽ മീഡിയയിലെ ആഗോള രാജാവാണ് ഫേസ്ബുക്ക് ഒപ്പം ഇഷ്ടം പോലെ വിമർശനങ്ങളും വാങ്ങിക്കൂട്ടാറുണ്ട്.
സമൂഹത്തിലെ പൊതുധാർമിക മാനദണ്ഡങ്ങൾക്കുവിരുദ്ധമായ പോസ്റ്റുകളും മറ്റും വരുന്പോഴാണ് വിമർശനം കേൾക്കേണ്ടി വരുന്നത്.
കുറ്റകൃത്യങ്ങൾ ചിലർ ഫേസ്ബുക്കിലൂടെ തത്സമയം കാണിച്ചതു വലിയ പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു.
അതുകൊണ്ടുതന്നെ ഫേസ്ബുക്കിൽ ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം ഫേസ്ബുക്ക് ചില മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
അതിനു വിരുദ്ധമായ പോസ്റ്റുകൾ നീക്കം ചെയ്യപ്പെടും, നിരോധിക്കപ്പെടും, ചിലപ്പോൾ അത്തരം അക്കൗണ്ടുകൾ തന്നെ ബ്ലോക്ക് ചെയ്യും.
വിചിത്രമായ തീരുമാനം!
കഴിഞ്ഞ ദിവസം ഒരു ഫോട്ടോഗ്രാഫറെ ഫേസ്ബുക്ക് ഞെട്ടിച്ചു. മൈക്ക് ഹാൾ എന്ന ഫോട്ടോഗ്രാഫർ ഫോട്ടോകൾ ഫേസ്ബുക്കിൽ പ്രദർശിപ്പിച്ച് ആവശ്യക്കാർക്കു നൽകാനുള്ള ബിസിനസ് ആരംഭിച്ചു. അങ്ങനെ ചില ഫോട്ടോകൾ അപ്ലോഡ് ചെയ്യുകയും ചെയ്തു.
രണ്ടു പശുക്കൾ പ്രകൃതി രമണീയമായ ഒരു തടാകത്തിനരികെ മേയുന്നതായിരുന്നു പ്രധാന ചിത്രം. പക്ഷേ, അല്പം കഴിഞ്ഞപ്പോൾ ഈ ഫോട്ടോകൾ ഫേസ്ബുക്ക് നീക്കം ചെയ്തു.
ഇതിന്റെ കാരണം അറിഞ്ഞപ്പോഴാണ് മൈക്ക് ഹാൾ ഞെട്ടിയത്. ചിത്രം സെക്സി ആണത്രേ. അന്പരന്നുപോയ മൈക്ക് ഹാൾ ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചു.
ഇനി തന്റെ ശ്രദ്ധയിൽപ്പെടാതെ ഏതെങ്കിലും മോശപ്പെട്ട രംഗം ഫോട്ടോയിൽ കടന്നുകൂടിയോ? പക്ഷേ, രണ്ടു പശുക്കളല്ലാതെ മറ്റൊരു ജീവിയും ചിത്രത്തിലില്ല.
പശു എങ്ങനെ സെക്സിയാകും? തീർന്നില്ല, കൂട്ടിലിരിക്കുന്ന പക്ഷികളുടെ ചിത്രവും ഇതേ കാരണത്താൽ നിരോധിക്കപ്പെട്ടു.
ഫേസ്ബുക്കിന്റെ മാപ്പ്!
അന്പതു വയസുകാരനായ മൈക്ക് വിൻസസ്റ്ററിൽ നോർത്ത് വാൾ ഗാലറി നടത്തിപ്പുകാരനാണ്. ഫോട്ടോകൾ സെക്സിയാണെന്നും മറ്റും പറഞ്ഞ് നിരോധിക്കപ്പെട്ടപ്പോൾ മൈക്ക് ആകെ ആശയക്കുഴപ്പത്തിലായി.
ചിത്രത്തിൽ അശ്ലീലമൊന്നുമില്ലെന്നു പലവട്ടം ഫേസ്ബുക്കിനെ അറിയിച്ചു. പക്ഷേ, നവംബറിൽ മൈക്കിനു ഫേസ്ബുക്കിൽനിന്നുമൊരു മെസേജ് ലഭിച്ചു.
താങ്കളെ ഫേസ്ബുക്ക് പരസ്യത്തിൽനിന്നു പൂർണമായി വിലക്കിയിരിക്കുന്നു എന്നായിരുന്നു മെസേജ്. തുടർന്നു മൈക്ക് തുടർച്ചയായ പരാതികൾ ഫേസ്ബുക്കിനു നൽകി.
എന്തായാലും കഴിഞ്ഞയാഴ്ച നിരോധനം പിൻവലിക്കുകയും ഫേസ്ബുക്ക് ക്ഷമ ചോദിക്കുകയും ചെയ്തിരിക്കുന്നു.
മനുഷ്യരല്ല പ്രശ്നം!
ഇതു മനുഷ്യരുണ്ടാക്കുന്ന പ്രശ്നം അല്ലത്രേ. കോടിക്കണക്കിനു ചിത്രങ്ങളും പരസ്യങ്ങളും മറ്റും അപ്ലോഡ് ചെയ്യപ്പെടുന്ന ഫേസ്ബുക്കിൽ ഇവ പരിശോധിക്കാൻ മനുഷ്യരെ മാത്രം നിയോഗിക്കാൻ കഴിയില്ല.
തുകൊണ്ടു തന്നെ ആർട്ടിഫിഷൽ ഇന്റലിജൻസ് പോലെയുള്ള സാങ്കേതിക വിദ്യകളാണ് പോസ്റ്റുകളെ വിലയിരുത്തുന്നതും തീരുമാനമെടുക്കുന്നതും.
പശുവിന്റെ ചിത്രം കണ്ടപ്പോൾ സോഫ്റ്റ് വെയറിന് അതു സെക്സിയാണെന്നു തോന്നിയാൽ പിന്നെന്തു ചെയ്യാൻ!
തന്റെ ചിത്രങ്ങൾ നിരോധിക്കാനുള്ള അവരുടെ പരിഹാസ്യമായ തീരുമാനം അന്തിമമാണെന്നുള്ള അറിയിപ്പാണ് മൈക്കിന് ഏറ്റവുമധികം അരോചകമായി തോന്നിയത്.
ആരോടും സംസാരിക്കാൻ പോലും എനിക്ക് അവസരം ലഭിച്ചില്ല, ഞാൻ എന്ത് നയമാണ് ലംഘിച്ചതെന്ന് ഇപ്പോഴും എനിക്കറിയില്ല.
ഇതെന്നെ പരിഹസിക്കുന്നതിനു തുല്യമാണെന്നാണ് മൈക്കിന്റെ രോഷത്തോടെയുള്ള പ്രതികരണം.
എന്തായാലും മൈക്കിനുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചിട്ടുണ്ട്.