ലണ്ടൻ: ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയെ കൗണ്ടി ക്രിക്കറ്റിൽ കളിപ്പിക്കരുതെന്ന് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ബോബ് വിൽസ്. ഇന്ത്യ 2014ൽ ഇംഗ്ലണ്ടിലെത്തിയപ്പോൾ റണ്ണെടുക്കാതെ കോഹ്ലി ദുരിതമനുഭവിച്ചത് ഇത്തവണയും ആവർത്തിക്കണം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസിലാക്കാൻ അനുവദിച്ച് ഇംഗ്ലീഷ് ടീമിന്റെ പരാജയത്തിനു മരുന്ന് നല്കുകയല്ല ചെയ്യേണ്ടതെന്നും വിൽസ് അഭിപ്രായപ്പെട്ടു.
വിദേശ കളിക്കാരെ കൗണ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കാൻ സാധിക്കില്ല. ഇംഗ്ലണ്ടിന്റെ ഭാവി താരങ്ങളെ വാർത്തെടുക്കാനാണ് കൗണ്ടി ഉപയോഗിക്കേണ്ടത്- വിൽസ് പറഞ്ഞു. ഇംഗ്ലണ്ടിനായി 90 ടെസ്റ്റുകളിൽനിന്ന് 325 വിക്കറ്റ് നേടിയ താരമാണ് വിൽസ്.
കൗണ്ടി ഡിവിഷൻ വണ്ണിൽ സറെയ്ക്കുവേണ്ടി കോഹ്ലി കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ഇന്ത്യൻ ടീം അംഗങ്ങളായ ചേതേശ്വർ പൂജാരയും ഇഷാന്ത് ശർമയും കൗണ്ടിയിൽ കളിക്കാനൊരുങ്ങുകയാണ്.