കണ്ണൂർ: അക്രമാധിഷ്ടിത രാഷ്ട്രീയ പ്രവർത്തനം സിപിഎം അവസാനിപ്പിച്ചില്ലെങ്കിൽ പശ്ചിമ ബംഗാളിലെ ഗതി കണ്ണൂരിലും കേരളത്തിലും വരുമെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ. കണ്ണൂർ പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായി എൽഡിഎഫ് അങ്ങേയറ്റം ദുർബലമായി. പശ്ചിമബംഗാളിലും ത്രിപുരയിലും എന്തുകൊണ്ട് സിപിഎം തകർന്നടിഞ്ഞതെന്ന് ഇനിയും ജനങ്ങളോട് പറയാൻ അവർ തയാറായിട്ടില്ല. വടിവാളും കത്തിയും പ്രായോഗിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാർഗങ്ങളായി ഉപയോഗിച്ചതാണ് ഇവിടങ്ങളിൽ ഈ പാർട്ടി തകരാൻ കാരണം.
അക്രമപ്രവർത്തനങ്ങളെ ആശ്രയിച്ച് ഒരു രാഷ്ട്രീയപാർട്ടിക്കും നിൽക്കാൻ സാധിക്കില്ല. വടക്കെ മലബാറിൽ നടക്കുന്ന അക്രമാധിഷ്ടിത രാഷ്ട്രീയ പ്രവർത്തനം സിപിഎമ്മിനെ നാശത്തിലേക്കാണ് നയിക്കുന്നത്. കോൺഗ്രസിന്റെ സാന്പത്തിക നയങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ സിപിഎം പോളിറ്റ്ബ്യൂറോ മെന്പർമാരായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അഭിപ്രായം വ്യക്തമാക്കണം.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച സാന്പത്തികനയം പുരോഗമന വികസനത്തിന് മുതൽകൂട്ടാണ്. നികുതി വരുമാനം ഏറ്റവും ദരിദ്രരായ ആൾക്ക് പണമായി എത്തിക്കാനുള്ളതാണ് രാഹുലിന്റെ പ്രഖ്യാപനം. ഈ പദ്ധതിയെ കുറിച്ച് സിപിഎമ്മിന്റെ വർക്കിംഗ് ക്ലാസുകളിൽ പറയണം.
കോൺഗ്രസിന്റെ സാന്പത്തിക പദ്ധതികളെ കുറിച്ച് മൗനം പാലിക്കുകയല്ല വേണ്ടത്. ലോകദാരിദ്ര്യം കുറയ്ക്കാനുള്ള ന്യായ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി.എ. അജീർ, ജില്ലാ സെക്രട്ടറി സുനിൽ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.