ജിബിൻ കുര്യൻ
കോട്ടയം: കോട്ടയത്തെ പച്ച മനുഷ്യനാണ് സി.പി. റോയി എന്ന പരിസ്ഥിതി പ്രവർത്തകൻ. നഗരത്തിൽ ഇന്ന് തലയുയർത്തി പച്ചവിരിച്ചു തണലേകി നിൽക്കുന്ന മരങ്ങളെല്ലാം റോയി നട്ടതാണ്. കയ്യിൽ തൂന്പയും വാക്കത്തിയും കുട്ടയുമായി നഗരത്തിലൂടെ മരത്തൈകളുമായി നടന്നു നീങ്ങുന്ന റോയി എന്ന വൃക്ഷസ്നേഹി കോട്ടയംകാരുടെ പതിവു കാഴ്ചയാണ്.
കോടിമത നാലുവരി പാതയ്ക്കു തണലേകാനുള്ള പരിശ്രമത്തിലാ ണ് ഈ പച്ച മനുഷ്യൻ ഇപ്പോൾ. റോഡിനിരുവശവുമുള്ള ഫുട്പാത്തിന്റെ വശങ്ങളിലാണ് ഫലവൃക്ഷമായ ഞാവൽ നട്ടു കോടിമത നാലുവരി പാതയെ ഞാവൽ വഴിയാക്കാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ടു വളർത്തി തുടങ്ങിയ മരങ്ങൾ ഇന്ന് ഏകദേശം രണ്ടടി വളർന്നു കഴിഞ്ഞിരിക്കുന്നു. ഫുട്പാത്തിനിരുവശവും കൂടി ഒരു കിലോമീറ്റർ നീളമുണ്ട്. തണലിനായി അഞ്ഞൂറോളം ഞാവൽ മരങ്ങളാണ് നട്ടിരിക്കുന്നത്.
കോവിഡാനന്തര കാലത്ത് സാധാരണക്കാരന്റെ ഏറ്റവും വലിയ പ്രശ്നം ഒരു നേരത്തെ ഭക്ഷണമായിരിക്കുമെന്നും മനുഷ്യർക്കും കിളികൾക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് ഞാവൽ പഴമെന്നും റോയി പറയുന്നു.
ഒൗദ്യോഗിക ജീവിതത്തിനു ശേഷം 2010ലാണ് സി.പി. റോയി കോട്ടയത്തിനു തണലേകാൻ എന്ന മുദ്രാവാക്യവുമായി ഗ്രീൻ കോട്ടയം പ്രോജക്്ട് ആരംഭിക്കുന്നത്. തിരുനക്കര മൈതാനത്തിനു ചുറ്റും വുങ്ങ് എന്ന എവർ ഗ്രീൻ പ്ലാന്റ് നട്ടുകൊണ്ടായിരുന്നു തുടക്കം.
ആ വർഷം തന്നെ പോലീസ് പരേഡ് ഗ്രൗണ്ടിന്റെ സൈഡിലും വുങ്ങ് മരം നട്ടു. പിന്നീട് കോട്ടയം ടിബി, പൊതുമരാമത്ത് റസ്റ്റ് ഹൗസ്, പച്ചക്കറി മാർക്കറ്റ്, ജില്ലാ ആശുപത്രിക്കു മുൻവശം, നല്ലിടയൻ പള്ളി റോഡ്, ഈരയിൽ കടവ് ബൈപാസ്, പടിഞ്ഞാറൻ ബൈപാസ് തുടങ്ങി കോട്ടയത്തിന്റെ മുക്കിലും മൂലയിലും തലയുയർത്തി നിൽക്കുന്ന മരങ്ങൾ റോയിയുടെ സ്വന്തമാണ്.
മണിപ്പുഴ ജംഗ്ഷനിൽ കായ്ച്ചു തുടങ്ങിയ നൂറോളം നാട്ടു മാവുകളും ഈ കൂട്ടത്തിൽ പെടും. കോട്ടയം ഗിരിദീപം കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്ന റോയി തന്റെ കാന്പസിൽ പതിനായിരത്തിലേറെ വൃക്ഷ തൈകൾ നട്ടു വളർത്തി പരിപാലിക്കുന്നു.
വൃക്ഷനിബിഡമായ ഗിരിദീപം കാന്പസിൽ ഒരു ഒൗഷധ തോട്ടവും റോയി നിർമിച്ചിട്ടുണ്ട്. ഈ വർഷം പ്രകൃതി കൃഷി കൂടി കാന്പസിൽ തുടങ്ങാനാണ് റോയിയുടെ ലക്ഷ്യം.
ഫുക്കുവോക്ക ക്ലബ് ഓഫ് നാച്ച്വറൽ ഫാമിംഗ് ആൻഡ് നേച്ചർ കെയർ എന്നു പേരിട്ടിരിക്കുന്ന ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കൃഷി. കോളജിലെ മുഴുവൻ അധ്യാപകരെയും പങ്കാളികളാക്കാനാണ് ശ്രമം.
കോട്ടയത്തു മാത്രമല്ല ഇടുക്കി ജില്ലയിലും റോയി പരിസ്ഥിതി പ്രവർത്തനം നടത്തുന്നുണ്ട്.