കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകവുമായി അറസ്റ്റിലായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ചാലക്കുടി കോടതിയാണ് ഉദയഭാനുവിനെ റിമാൻഡ് ചെയ്തത്. പ്രതി സമൂഹത്തിൽ ഉന്നതനായ വ്യക്തിയാണെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതിക്കാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണു കോടതിയുടെ നടപടി. കേസിൽ ഏഴാം പ്രതിയാണ് ഉദയഭാനു. റിമാൻഡ് ചെയ്ത ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ് ജയിലിലേക്കു കൊണ്ടുപോയി.
ബുധനാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടിൽനിന്നാണ് ഉദയഭാനുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ഇതേത്തുടർന്ന് ഉദയഭാനു ഒളിവിൽ പോയി. കഴിഞ്ഞ ദിവസം രാത്രി കീഴടങ്ങാൻ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നെടുന്പാശേരി നായത്തോട് സ്വദേശി വി.എ. രാജീവിനെ സെപ്റ്റംബർ 29നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതികളായ ചക്കര ജോണി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിൽ താൻ കുറ്റക്കാരനല്ലെന്നാണ് സി.പി. ഉദയഭാനു വാദിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയായ ചക്കര ജോണി തന്റെ കക്ഷിയാണ്. ജോണിക്ക് നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പോലീസിൽ മൊഴി നൽകി.