കൊല്ലം: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കായംകുളം മേഖലാ കേന്ദ്രം (സിപിസിആര്‍എ) നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗിന് കത്ത് അയച്ചു.
കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വളരെയേറെ പ്രയോജനം ചെയ്തു കൊണ്ടിരിക്കുന്ന തോട്ടവിള ഗവേഷണ കേന്ദ്രം ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം കടുത്ത കര്‍ഷക ദ്രോഹമാണ്. നൂറുകണക്കിന് ആളുകള്‍ തൊഴില്‍ ചെയ്യുന്ന തോട്ടവിള ഗവേഷണ കേന്ദ്രം അടച്ചു പൂട്ടി അവരെ പട്ടിണിയിലാക്കുന്നത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാനാകില്ല,
കേരളത്തിലെ കൃഷിക്കാര്‍ക്ക് മികച്ച ഇനം തെങ്ങിന് തൈകളും മറ്റ് വിത്തുകളും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തു കൊണ്ടിരിക്കുന്ന തോട്ടവിള ഗവേഷണ കേന്ദ്രം അടച്ചു പൂട്ടിയാല്‍ കുട്ടനാട്ടിലേയും അപ്പര്‍ കുട്ടനാട്ടിലേയും നാളികേര കര്‍ഷകര്‍ക്കും നെല്‍കര്‍ഷകര്‍ക്കും കനത്ത തിരിച്ചടിയായി മാറുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രഗത്ഭരായ കൃഷി ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക രംഗത്ത് ന്യൂതനമായ കൃഷി രീതികളും അത്യൂല്‍പാദന ശേഷിയുള്ള വിത്തുകളും തെങ്ങിന് തൈകളും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളേയും കുറിച്ച് കര്‍ഷകര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്ന കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രം നിര്‍ത്തലാക്കുന്നത് മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹത്തിന്റെ അവസാനത്തെ ഉദാഹരണമാണ്.
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ ഇന്ത്യയിലെമ്പാടും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലാതാക്കി കാര്‍ഷിക മേഖലയുടെ പ്രാധാന്യം വെട്ടിച്ചുരുക്കുന്ന മോദി സര്‍ക്കാര്‍ നീതി ആയോഗിലെ അംഗങ്ങളുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും അവര്‍ നിര്‍ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍ എല്ലാ മേഖലയിലും അടിച്ചേല്‍പ്പിച്ച് രാജ്യത്തിന്റ സര്‍വ പുരോഗതിയും വികസനവും തകര്‍ത്ത് തരിപ്പണമാക്കി കൊണ്ടിരിക്കുകയാണെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി.
റബര്‍ ബോര്‍ഡിന്റെ മേഖലാ ഓഫീസുകള്‍ നേരത്തെ അടച്ചു പൂട്ടാന്‍ തീരുമാനിച്ചതും ഇതേ നയത്തിന്റെ ഭാഗമായിട്ടാണ്. നെല്ലുഗവേഷണ കേന്ദ്രവും കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രവും തോട്ടവിള ഗവേഷണ കേന്ദ്രവും ഓയില്‍ പാം ഉള്‍പ്പെടെയുള്ളവ അടച്ചു പൂട്ടാന്‍ കേന്ദ്ര കൃഷി മന്ത്രാലയം തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നതായും കൊടിക്കുന്നില്‍ സുരേഷ് എംപി കുറ്റപ്പെടുത്തി.