ആറന്മുള: കൊല്ലത്തു നടക്കുന്ന സിപിഐ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്കു മുഴുവൻ സമ്മാനമായി ആറന്മുള കണ്ണാടി ലഭിക്കും. 1000 രൂപ വീതം വിലയുള്ള 1000 കണ്ണാടിയുടെ നിർമാണമാണ് ആറന്മുളയിൽ നടക്കുന്നത്.സിപിഐയുടെ സംഘടനയായ കേരള ഗവൺമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷനാണ് കണ്ണാടി സംഭാവന ചെയ്തിരിക്കുന്നത്. ഇതിനുള്ള മുഴുവൻ ഫണ്ടും സംഘടന കണ്ടെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികൾക്കും വിദേശരാജ്യങ്ങളിൽ നിന്നുള്ള സൗഹാർദ പ്രതിനിധികൾക്കും അടക്കം സമ്മാനിക്കുന്നതിനായി 1000 കണ്ണാടിക്കുള്ള ഓർഡർ ആറന്മുളയിലെ കണ്ണാടി ശില്പികൾക്കു ലഭിച്ചു. ഒരു കണ്ണാടിക്ക് 1000 രൂപ വില കണക്കാക്കുന്നു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ ആറന്മുളയിലെ മണികണ്ഠ ഹാൻഡി ക്രാഫ്റ്റ് സന്ദർശിച്ച് കണ്ണാടിയുടെ നിർമാണം വിലയിരുത്തി.