തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നതിലുള്ള കാലതാമസത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും തിങ്കളാഴ്ചയ്ക്ക് മുൻപ് ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും മന്ത്രിസഭ ഉപസമിതിയിൽ സിപിഐ ആവശ്യപ്പെട്ടു.
ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപിയെ മാറ്റണമെന്ന കാര്യം മന്ത്രി കെ. രാജനാണ് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് പൂരം കലക്കിയതിൽ അജിത്കുമാറിന് പങ്കുണ്ടെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി അന്ന് നല്കിയ മറുപടി.സിപിഐ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുകൂല തീരുമാനമുണ്ടാകാത്തതിനാൽ സിപിഐ നിർവാഹക സമിതിയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐയുടെ നേരത്തെയുള്ള നിലപാട്. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നും സിപിഐ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ, ആർഎസ്എസ് നേതാക്കളുമായി എഡിജിപി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഡിജിപി എസ്.ദർബേഷ് സാഹിബ് ഇന്നു സർക്കാരിനു നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയേക്കും.