കാഞ്ഞാണി: സിപിഐ നേതാവിന് പ്രസംഗിക്കാൻ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ഔട്ട്, ബസ് സ്റ്റാൻഡ് സിപിഐയുടെ സമ്മേളന നഗരിയായി. മുൻ മന്ത്രി കൃഷ്ണൻ കണിയാംപറന്പിലിന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനത്തിനുവേണ്ടിയാണ് ഇന്നലെ വൈകിട്ട് അഞ്ചര മുതൽ ബസ് സ്റ്റാൻഡ് മൈതാനമാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഉദ്ഘാടകൻ.
സ്റ്റാൻഡിന്റെ കിഴക്കേ ഭാഗത്ത് വലിയ സ്റ്റേജ് കെട്ടി. അന്തിക്കാട്, തൃപ്രയാർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ നിർത്തുന്ന സ്റ്റാൻഡിലെ ഭാഗങ്ങളിൽ കസേരകൾ നിരത്തിയിട്ട് പ്രവർത്തകരായിരുന്നു. അതോടെ ബസുകൾ സ്റ്റാൻഡിൽ കയറാനായില്ല. നിയന്ത്രിക്കാൻ അന്തിക്കാട് പോലീസുമുണ്ടായിരുന്നില്ല.
ട്രാഫിക് തടസമുണ്ടാക്കി നേരത്തെ ബസ് സ്റ്റാൻഡ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കാൻ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത്, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു.
ബസ് സ്റ്റാൻഡിൽ ബസുകൾ വന്നുപോകാൻ സാധിക്കാത്ത തരത്തിൽ തടസമുണ്ടാക്കി സമ്മേളനങ്ങൾ നടത്തിയതിന് ബിജെപി, കോൺഗ്രസ്, സിപിഎം, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു.