വൈപ്പിൻ: ജില്ലയിൽ എൽഡിഎഫിനുള്ളിൽ സിപിഎം-സിപിഐ പോർവിളികൾക്ക് കാരണങ്ങളിലൊന്നായ കർത്തേടം സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് 18നു നടക്കും. സിപിഎമ്മിനെതിരേ സിപിഐയും കോണ്‍ഗ്രസും കൈകോർത്ത് രംഗത്തിറങ്ങുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത.
മൊത്തം 13 സീറ്റുകളിലേക്കാണ് മത്സരം. ഒരു വശത്ത് സിപിഐയുടെ ഏഴു പേരും കോണ്‍ഗ്രസിന്റെ ആറു പേരും ഉൾപ്പെടുന്ന പാനലും മറുവശത്ത് സിപിഎമ്മിന്റെ 12 പേരും കോണ്‍ഗ്രസ്-എസിന്റെ ഒരാളും ഉൾപ്പെടുന്ന പാനലുമാണ് മത്സരരംഗത്തുള്ളത്.
കാൽനൂറ്റാണ്ടോളമായി എൽഡിഫിന്റെ ഭരണത്തിൽ ഇരുന്നിരുന്ന ബാങ്ക് ഭരണ സമിതിയിൽ കഴിഞ്ഞ തവണ പ്രസിഡന്റ് പദവിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിപിഎം നേതാവായിരുന്ന കെ.എൽ. ദിലീപ് കുമാർ വിമതനായി മത്സരിച്ച് പ്രസിഡന്റ് പദവിയി കൈയാളിയതോടെയാണ് എളങ്കുന്നപ്പുഴയിൽ സിപിഎമ്മിൽ പ്രശ്നങ്ങളായത്.
ഇതേത്തുടർന്ന് ദിലീപ്കുമാറിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ഇതോടെ ദിലീപിനോടൊപ്പം ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സിപിഎം വിട്ടുപോയി സിപിഐയിൽ ചേർന്നു. ഇതിനുശേഷമുള്ള ഭരണ സമിതി തെരഞ്ഞെടുപ്പാണ് 18നു നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ദിലീപ് കുമാറും മത്സര രംഗത്തുണ്ട്.