തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത ആഘാതത്തിന്റെ അലയൊലികൾ വിമർശനങ്ങളും ആവശ്യങ്ങളുമായി സിപിഐ സംസ്ഥാന കൗൺസിലിൽ തുടരുന്നു. ഇടതുമുന്നണി കൺവീനറെന്ന നിലയിൽ ഇ.പി. ജയരാജനെയും പേറി ഈ മുന്നണി മുന്നോട്ട് പോകുന്നത് രാഷ്ട്രീയമായി ഭൂഷണമല്ലെന്നും സര്‍ക്കാരും മുന്നണിയുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നുമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നത്.
ഇങ്ങനെ പോയാല്‍ ബംഗാളിലേക്ക് ദൂരം കുറയുമെന്നാണ് അഭിപ്രായം ഉയര്‍ന്നത്.അതേസമയം നിരവധി ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് പുനഃസംഘടിപ്പിക്കണം, മന്ത്രിമാരെ സംഘടനാ ചുമതലയിൽനിന്ന് ഒഴിവാക്കണം, തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ മാറ്റാൻ മുന്നണി നേതൃത്വത്തിനു കത്ത് നൽകണം എന്നീ ആവശ്യങ്ങളാണ് കൗൺസിലിൽ ഉയർന്നത്.
പാർട്ടിയിലെ മന്ത്രിമാർ എക്സിക്യൂട്ടീവിൽ നിന്ന് മാറണം. സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തെരഞ്ഞടുപ്പ് അവലോകന റിപ്പോർട്ട് തയാറാക്കുന്നതിൽ വീഴ്ച വന്നുവെന്നും വിമർശനമുയര്‍ന്നു.
ഇ.പി. ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന വിമർശനമാണ് കഴിഞ്ഞ ദിവസം ഉയർന്നത്. ഇ.പി. ജയരാജന്റെ ബിജെപി ബന്ധ വിവാദം നിഷ്കളങ്കമല്ലെന്നും ജയരാജനെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടെന്നും ആരോപണങ്ങളുണ്ടായി.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ വിമർശനമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നായിരുന്നു സംസ്ഥാന കൗൺസിലിൽ ഉയർന്ന മറ്റൊരു ആക്ഷേപം. വേണ്ട നടപടി സിപിഎം ചെയ്യട്ടെ എന്നും അഭിപ്രായം ഉയർന്നു.
നവകേരള സദസ് ദയനീയ പരാജയമായി. എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി ഗുണം ഉണ്ടാകുമായിരുന്നു. സർക്കാരിനെ കൂട്ടത്തരവാദിത്തമില്ലെന്നും വിമർശനമുണ്ടായി. സിപിഐ സംസ്ഥാന കൗൺസിൽ ഇന്നവസാനിക്കും.