കൊല്ലം: പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അടക്കം ആറു പേർക്കു പരിക്കേറ്റു. പത്തനാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടർന്നുണ്ടായ തർക്കങ്ങളാണു പ്രശ്നങ്ങൾക്കു കാരണമെന്നാണു സൂചന.
സിഐടിയു പ്രവർത്തകരായ മത്സ്യ കയറ്റിറക്കു തൊഴിലാളികളിൽ ചിലർ എഐറ്റിയുസിയിലേക്കു മാറിയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു പ്രശ്നങ്ങൾക്കു തുടക്കം. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ കല്ലുംകടവിൽ എത്തിയ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ടു പാർട്ടി വിട്ടവരുമായി ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കല്ലുംകടവ് പാലത്തിന് സമീപം ഇരുവിഭാഗം പ്രവർത്തകരും ചേർന്നാണു സംഘർഷമുണ്ടായത്. ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് വാഹനമുൾപ്പെടെ ആറോളം വാഹനങ്ങളും തകർന്നു. സ്ഥലത്തു സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ഡിവൈഎഫ്ഐ പ്രവർത്തകരായ ഡെൻസൻ വർഗീസ്, റെജിമോൻ, നാലു പോലീസുകാർ എന്നിവർക്കാണു പരിക്കേറ്റത്. സംഭവത്തെ തുടർന്നു ഡിവൈഎഫ്ഐ പ്രവർത്തകർ പുനലൂർ-കായംകുളം റോഡ് ഉപരോധിച്ചു.