മയ്യിൽ: കൊളച്ചേരിയിൽ സിപിഎമ്മും സിപിഐയും ഏറ്റമുട്ടലിലേക്ക്. ഇന്നലെ പുലർച്ചെ കൊളച്ചേരിയിൽ സിപിഎം ഓഫീസ് തകർത്തതിന് പിന്നാലെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസും തകർത്തു. സിപിഐ ഓഫീസായ ഇ.കുഞ്ഞിരാമൻ സ്മാരക മന്ദിരമാണ് ഇന്നലെ ഒരു സംഘം അടിച്ചു തകർത്തത്. രാത്രി ഒൻപതോടെ പത്തംഗസംഘം ഓഫീസ് വാതിൽ അടിച്ചു തകർത്ത് അകത്തു കയറി ടിവി, ഫാൻ, കസേര, അലമാര തുടങ്ങി ഫർണിച്ചർ മുഴുവനും തകർത്തു. മണ്ഡലം സെക്രട്ടറി കെ.വി. ഗോപിനാഥിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 സിപിഎം പ്രവർത്തകർക്കെതിരേ മയ്യിൽ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 18ന് ഈ ഓഫീസിന് നേരേ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തിൽ സിപിഐ കൊളച്ചേരി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം സി.പി. സന്തോഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ. സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ.വി. ഗോപിനാഥ് എന്നിവർ സംഭവസ്ഥലത്ത് എത്തി.
എന്നാൽ സിപിഐ ഓഫീസ് തകർത്ത സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വം അപലപിച്ചു. അക്രമകാരികളെ സിപിഎം ഒരിക്കലും സംരക്ഷിക്കില്ലെന്നും ഇവരെ പാർട്ടി തള്ളിപ്പറയുക തന്നെ ചെയ്യുമെന്നും സിപിഎം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെ പുലർച്ചെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഒരു സംഘം അടിച്ചു തകർത്തിരുന്നു. ഇരുനില കെട്ടിടത്തിന്റെ ജനലുകൾ മുഴുവനും എറിഞ്ഞു തകർത്തിരുന്നു. സംഭവത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി.കുഞ്ഞിരാമൻ പോലീസിൽ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ കേസെടുത്തു. കൊളച്ചേരിയിൽ ഇരുവിഭാഗവും പ്രതിഷേധവും വിശദീകരണവും നടത്തിയേക്കും. മയ്യിൽ എസ്ഐ.പി.ബാബുമോന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.