തൊടുപുഴ: സിപിഎമ്മിനെതിരേ വിമർശനവുമായി ഇടുക്കി സിപിഐ ജില്ലാ കമ്മിറ്റി. ഭൂപ്രശ്നങ്ങളിൽ സിപിഐ മന്ത്രിമാർക്കെതിരെ സിപിഎം നടത്തുന്ന ആരോപണങ്ങൾ തൊഴുത്തിൽ കുത്താണന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ആരോപിച്ചു.
പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യേണ്ടതു മുന്നണിയിലും കാബിനെറ്റിലുമാണ്. കോണ്‍ഗ്രസുകാർക്കൊപ്പം സിപിഎമ്മും സിപിഐയെ കല്ലെറിയുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദികൾ റവന്യൂ വകുപ്പും അത് ഭരിക്കുന്ന മന്ത്രിയുമാണന്നു വരുത്തിതീർക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും സിപിഐ ജില്ലാ നേതൃത്വം ആരോപിച്ചു.
ഇടുക്കി ജില്ലയിൽ സർക്കാർ കൊണ്ടുവന്ന നിർമാണ നിരോധന ഉത്തരവ് ഉൾപ്പടെ വിവാദമായ പശ്ചാത്തലത്തിലാണ് സിപിഎമ്മിനെതിരെ സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയത്.