കഴിഞ്ഞ പതിനാറു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒരേ ചിഹ്നത്തിൽ മത്സരിച്ച ഒരു പാർട്ടിയേ രാജ്യത്തുള്ളൂ. ആ അപൂർവ റിക്കാർഡ് സിപിഐക്ക് അവകാശപ്പെട്ടതാണ്.അവരുടെ അരിവാൾ നെൽക്കതിർ 1952 ലെ ഒന്നാം തെരഞ്ഞെടുപ്പു മുതൽ കഴിഞ്ഞ പതിനാറു തെരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചു. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലും സിപിഐയുടെ ചിഹ്നം അരിവാൾ നെൽക്കതിർ തന്നെയായിരിക്കും. ദേശീയ പാർട്ടി പദവി നിലനിർത്താൻ പാടുപെടുന്ന സിപിഐക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. ചിഹ്നം നിലനിർത്തണമെങ്കിൽ പ്രകടനം മെച്ചപ്പെടുത്തിയേ പറ്റൂ.
രാജ്യത്തെ പ്രധാന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിലുണ്ടായ പിളർപ്പുകളെത്തുടർന്ന് അവരുടെ ചിഹ്നം പല തവണ മാറി. നുകമേന്തിയ കാളകളായിരുന്നു ആദ്യ ചിഹ്നം. 1969 ൽ പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് -ആർ പശുവും കിടാവും ചിഹ്നമാക്കി. 1978 ലെ അടുത്ത പിളർപ്പിനു ശേഷം ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് – ഐ രൂപവത്കരിച്ചപ്പോൾ ചിഹ്നം കൈപ്പത്തി ആയി.
1952 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കൈപ്പത്തി അംഗീകൃത ചിഹ്നമായിരുന്നു. അന്നു ഫോർവേഡ് ബ്ലോക്കിന്റെ ഒരു വിഭാഗത്തിനാണു കൈപ്പത്തി അനുവദിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തേത്തുടർന്ന് പാർട്ടിക്കു ചിഹ്നം നഷ്ടപ്പെട്ടു. അങ്ങനെ കൈപ്പത്തി അനാഥമായി. പിന്നീട് 1978 ലാണ് കൈപ്പത്തി മടങ്ങിയെത്തുന്നത്.
ഡോ. ബി.ആർ. അംബേദ്കറുടെ പാർട്ടിയായ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അവർക്ക് അനുവദിച്ച ചിഹ്നം ആന ആയിരുന്നു. തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്ന പാർട്ടിക്ക് ചിഹ്നം നഷ്ടപ്പെട്ടു. പിന്നീട് ഈ ചിഹ്നം ബിഎസ്പിക്കു ലഭിച്ചു. അംബേദ്കറുടെ മരണശേഷം 1957 ൽ അദ്ദേഹത്തിന്റെ അനുയായികൾ പാർട്ടിയെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്നു പുനർനാമകരണം ചെയ്യുകയായിരുന്നു.
ആദ്യ തെരഞ്ഞെടുപ്പിനു മുന്‍പ് ചിഹ്നം അനുവദിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചപ്പോൾ എല്ലാവർക്കും വേണ്ടിയിരുന്നത് കലപ്പയായിരുന്നു. തർക്കം മൂത്തപ്പോൾ കലപ്പ ആർക്കും കൊടുക്കേണ്ടെന്നു തീരുമാനിച്ചു. എങ്കിലും നുകമേന്തിയ കാളകൾ കർഷകരുമായി ബന്ധപ്പെട്ട ചിഹ്നമെന്ന നിലയിൽ കോണ്‍ഗ്രസിനു ഗുണം ചെയ്തു.
ആദ്യ പൊതുതെരഞ്ഞെടുപ്പു കാലത്ത് പാർട്ടി ചിഹ്നത്തിന് ഇന്നത്തേതിനേക്കാൾ പ്രസക്തിയുണ്ടായിരുന്നു. ജനങ്ങളിൽ 85 ശതമാനവും അക്ഷരാഭ്യാസമില്ലാത്ത രാജ്യത്ത് ചിഹ്നം നോക്കി വേണമായിരുന്നു വോട്ടർമാരിൽ ഭൂരിപക്ഷത്തിനും തങ്ങളുടെ സ്ഥാനാർഥിയെ കണ്ടെത്താൻ.