സ്വന്തം ലേഖകൻ
തിരുവനന്തപുരം: പീരുമേടും മണ്ണാർക്കാടും സംഘടനാപരമായ വീഴ്ചയുണ്ടായെന്നു സിപിഐ തെരഞ്ഞെടുപ്പ് റിപ്പോർട്ട്. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട മുൻ എംഎൽഎ ഗീതാ ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. കരുനാഗപ്പള്ളി, ഹരിപ്പാട്, കുണ്ടറ മണ്ഡലങ്ങളിൽ സിപിഎമ്മിനുണ്ടായ തോൽവിയിലും സിപിഐ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു.
ഉറച്ച വോട്ടുകൾ പോലും പല മണ്ഡലങ്ങളിലും ബൂത്തിലെത്തിയില്ല. ഘടകകക്ഷികൾ മത്സരിച്ച പലയിടത്തും വോട്ട് ചോർച്ചയുണ്ടായി. കേരളാ കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിൽ സിപിഎമ്മിനു വീഴ്ച പ്രകടമായിരുന്നു.
ഐഎൻഎൽ മത്സരിച്ച കാസർഗോഡ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാൻ പോലും സിപിഎമ്മിനു താത്പര്യമുണ്ടായിരുന്നില്ല. സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകകക്ഷികൾക്ക് മതിയായ പ്രാതിനിധ്യമുണ്ടായിരുന്നില്ല.
കുണ്ടറയിലെ തോൽവിക്കു കാരണം മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുണ്ടറയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ കടുംപിടുത്ത സ്വഭാവത്തെ കുറിച്ച് മണ്ഡലത്തിൽ ചില മുറുമുറുപ്പുണ്ടായിരുന്നു.
ഇത് യുഡിഎഫിന്റെ വിനയാന്വിതനായ സ്ഥാനാർഥി മുതലെടുത്തു.രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് സിപിഎമ്മിന്റെ വോട്ടുകൾ ചോർന്നെന്ന സംശയവും സിപിഐ റിപ്പോർട്ടിലുണ്ട്.
സിപിഎമ്മിനു സ്വാധീനമുണ്ടായിരുന്ന കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിച്ച പറവൂരിൽ സിപിഎം നേതാക്കളുടെ പ്രവർത്തനം സംശയകരമായിരുന്നു.
പറവൂരിലെയും മൂവാറ്റുപുഴയിലെയും തോൽവിയുടെ പൂർണ ഉത്തരവാദിത്വം പാർട്ടി എറണാകുളം ജില്ലാ കൗൺസിലിനാണ്. മുൻ എംഎൽഎ എൽദോ ഏബ്രഹാമിന്റെ പ്രവർത്തനം പരിതാപരകരമായിരുന്നു.
പാലായിൽ ജോസ് കെ. മാണിക്ക് വേണ്ടത്ര ജനപിന്തുണയുണ്ടായിരുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച മണ്ഡലത്തിൽ എൽഡിഎഫ് തന്നെ തോറ്റതിനു കാരണക്കാർ കേരളാ കോൺഗ്രസ് എമ്മും അവരുടെ നേതാവുമാണ്.
യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസിനെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.