കൊല്ലം: സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് മന്ത്രി കെ.രാജു ഇറങ്ങിപ്പോയി. മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതിന് ഇടയിലാണ് ഇറങ്ങിപോയത്. മന്ത്രി രാജു സംസാരിക്കുന്നത് ഒരു വിഭാഗം എതിർത്തതാണ് ഇറങ്ങിപ്പോക്കിന് കാരണം.
പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരനു കൊല്ലം ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകുന്നത് എതിർപ്പിന് കാരണമാക്കിയിരുന്നു. ഇതിന്റെ പേരിൽ വാക്കേറ്റങ്ങളും നടന്നിരുന്നു. രത്നാകരനെ നിയമിക്കാനുള്ള നീക്കം ഏകപക്ഷീയമാണെന്ന് പ്രകാശ് ബാബു- കെ ഇസ്മായിൽ വിഭാഗം ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് എൻ.അനിരുദ്ധനെ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാൻ തീരുമാനമെടുത്തത്. ജില്ലാ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് ഭിന്നതകൾ നിലനിൽക്കെ മുല്ലക്കര രത്നാകരനെ താത്കാലിക സെക്രട്ടറിയായി നടപടി ചർച്ച ചെയ്യാനാണ് ഇന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്നത്.
സംസ്ഥാന കൗണ്‍സിലിൽ നടപടിയിൽ എതിരഭിപ്രായം രേഖപ്പെടുത്താൻ വേണ്ടി മന്ത്രി രാജു സംസാരിച്ച് തുടങ്ങിയപ്പോൾ മുല്ലക്കര രത്നാകരനെ അനുകൂലിക്കുന്ന വിഭാഗം അത് തടയുകയായിരുന്നു. മന്ത്രി രാജുവിന്റെ അഭിപ്രായം സംസ്ഥാന കൗണ്‍സിലിലാണ് പറയണ്ടത്. ജില്ലാ എക്സിക്യൂട്ടീവ് ഘടകത്തിൽ അല്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.
അനിരുദ്ധനെ മാറ്റാൻ എക്സിക്യൂട്ടീവ് നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും കൊല്ലം ജില്ലാ കൗണ്‍സിലിൽ ഉണ്ടായ എതിർപ്പിനെത്തുടർന്നു തീരുമാനം നടപ്പായിരുന്നില്ല.