പത്തനാപുരം: ദീര്‍ഘമായ 35 വര്‍ഷങ്ങള്‍ മണലാരണ്യത്തില്‍ ചെലവഴിച്ച ശേഷം ശിഷ്ടകാലം ജന്മനാട്ടില്‍ കഴിയാനെത്തിയ പ്രവാസി തൂങ്ങി മരിച്ചു. മക്കളുമൊത്ത് വര്‍ക്ക് ഷോപ്പ് നടത്തി ജീവിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി നിര്‍മ്മിച്ച താത്കാലിക ഷെഡില്‍ തൂങ്ങിമരിച്ചത്. വയല്‍ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാനാകാത്ത സാഹചര്യം വന്നതാണ് സുഗതനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. വര്‍ക്ക്ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപത്തുള്ള ഷെഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതന്‍ തൂങ്ങി മരിച്ചത്. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
മൃതദേഹത്തിനുസമീപം മൂന്ന് കയറുകള്‍കൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് സുഗതന്‍ പലരോടും പറഞ്ഞിരുന്നു. ഗള്‍ഫില്‍ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടാണ് സുഗതന്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ ഇടപെടല്‍ മൂലം ഇത് പൊളിച്ച് നീക്കേണ്ട അവസ്ഥ വരുമെന്നായതോടെ മനോവിഷമം താങ്ങാനാവാതെയാണ് സുഗതന്‍ കെട്ടി തൂങ്ങിയത്. ഇളമ്പല്‍ സ്വദേശിയുടെ ഭൂമി പാട്ടത്തിനെടുത്തായിരുന്നു സുഗതനും മക്കളും മാസങ്ങള്‍ക്കുമുന്‍പ് വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണം തുടങ്ങിയത്. അഞ്ചുദിവസം മുന്‍പ് ഷെഡ് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ സിപിഐ., എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ഷെഡിന് മുന്നില്‍ കൊടികുത്തിയിരുന്നു. ഈ ഭൂമി മുന്‍പ് വയലായതിനാല്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.
കൊല്ലം-തിരുമംഗലം പാതയോരത്തുള്ള കൃഷിയോഗ്യമല്ലാത്ത കാടുമൂടിയ സ്ഥലത്താണ് സുഗതനും മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഷെഡ് നിര്‍മ്മിച്ചത്. ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസിലും കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ സുഗതന്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂന്നുലക്ഷത്തിലേറെ രൂപ ഇതിനകം വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണത്തിനായും മറ്റും ചെലവഴിച്ചിരുന്നു. 35 വര്‍ഷം ഗള്‍ഫില്‍ ജോലിയിലായിരുന്നു സുഗതന്‍. മക്കളായ സുജിത്ത്, സുനില്‍ ബോസ് എന്നിവരെയും ഗള്‍ഫില്‍ ജോലിക്കായി കൊണ്ടുപോയിരുന്നു.
ആറുമാസം മുന്‍പ് എല്ലാവരും മടങ്ങിയെത്തിയതോടെയാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയമുദിച്ചതും വര്‍ക്ക്‌ഷോപ്പിനായി ശ്രമം തുടങ്ങിയതും. ഷെഡ് പൊളിച്ചുനീക്കുന്നതിനാണ് സുഗതനും സഹായിയും രാവിലെ സ്ഥലത്തെത്തിയതെന്നും കൊടികുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സുഗതന്റെ ബന്ധുക്കള്‍ മൊഴിനല്‍കിയതായി കുന്നിക്കോട് പൊലീസ് അറിയിച്ചു.