തിരുവനന്തപുരം: എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ മുഖപത്രത്തിൽ സിപിഐ ദേശീയ നിർവാഹകസമിതിയംഗം അഡ്വ.കെ.പ്രകാശ്ബാബുവിന്റെ ലേഖനം.
ഒരു ജനകീയ സർക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള സന്ദർശനം വരുത്തിവച്ചിരിക്കുന്നതെന്ന് ലേഖനം പറയുന്നു.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയാൻ ഏവർക്കും താൽപ്പര്യമുണ്ട്. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത ഉദ്യോഗസ്ഥനുണ്ട്.
കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. എഡിജിപി അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ.പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.