തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനം. മുഖ്യമന്ത്രി കുടുംബത്തടവറയിലാണെന്നായിരുന്നു ഒരംഗത്തിന്റെ ആക്ഷേപം. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന യോഗത്തിലാണ് കടുത്തഭാഷയിൽ വിമർശനം ഉയർന്നത്.
ക്രമസമാധാന ചുമതല നിർവഹിക്കേണ്ട പോലീസ് പല സന്ദർഭങ്ങളിലും അഴിഞ്ഞാടുകയായിരുന്നു. നവകേരള സദസിനെതിരേ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിക്കുന്നത് ടിവി ചാനലുകളിലൂടെ കണ്ട ജനങ്ങൾ സർക്കാരിനെതിരേ തിരിഞ്ഞു. ഇതു തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി.
ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ധനകാര്യവകുപ്പ് അന്പേ പരാജയമാണ്. വിവിധ ഘട്ടങ്ങളിൽ നൽകേണ്ട സഹായം അനുവദിക്കാതെ ഭക്ഷ്യവകുപ്പിനെ നിർജീവമാക്കി.
ധനവകുപ്പിൽനിന്ന് ആവശ്യമുള്ള പണംവാങ്ങിയെടുക്കാൻ മന്ത്രിമാർക്ക് കഴിയുന്നില്ല. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വന്നത് കാര്യമായ ഗുണം ചെയ്തില്ല. ഇവർക്ക് അമിത പ്രാധാന്യം നൽകുകയാണ്.
എൽഡിഎഫിൽനിന്നതുകൊണ്ട് പാർട്ടിക്ക് യാതൊരു ഗുണവുമില്ല. അതിനാൽ മുന്നണിമാറ്റം വേണമെന്ന അഭിപ്രായവും ചിലർ ഉന്നയിച്ചു. രാജ്യസഭാ സീറ്റിൽ ആനി രാജയെ പരിഗണിക്കേണ്ടതായിരുന്നുവെന്നും അഭിപ്രായമുയർന്നു.
അംഗങ്ങളിൽ ചിലർ ഉന്നയിച്ച ആരോപണങ്ങളോട് ഭൂരിഭാഗം പേരും യോജിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സിപിഐ മുൻ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് ജില്ലാ കണ്‍വീനറുമായ കെ.കെ. ശിവരാമൻ സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.