കൊച്ചി: സിപിഐ എംഎൽഎയ്ക്കു ലാത്തിച്ചാർജിൽ മർദനമേറ്റിട്ടും പോലീസിനെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വെട്ടിലാക്കി കൂടുതൽ വിവരങ്ങൾ പുറത്ത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയോടു പോലീസ് തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്.
ജൂലൈ 17-നു ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിൽ പോലീസും സിപിഐ ജില്ലാ നേതൃത്വവും തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷമുണ്ടായി. സിപിഐ പ്രവർത്തകർ പരാതിപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ല. ഇതോടെയാണ് പോലീസും സിപിഐ ജില്ലാ സെക്രട്ടറിയുമായി തർക്കം ഉടലെടുത്തത്.
തന്റെ വാഹനത്തിനു മുന്നിൽ എന്തിനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം വച്ച് തടസപ്പെടുത്തിയതെന്ന ജില്ലാ സെക്രട്ടറിയുടെ ചോദ്യത്തിന് ഞാൻ വണ്ടി വച്ചിട്ടില്ല എന്നു ഞാറയ്ക്കൽ സിഐ മുരളി മറുപടി നൽകി. ആജീവനാന്തം ഇങ്ങനെ പോവില്ലല്ലോ എന്നു പറഞ്ഞു സിപിഐ ജില്ലാ സെക്രട്ടറി മടങ്ങുന്പോൾ “എല്ലാവരും അത് മനസിലാക്കിയാൽ മതിയെന്ന്’ സിഐ പ്രതികരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വൈപ്പിൻ ഗവ കോളജിൽ എസ്എഫ്ഐയും സിപിഐ. വിദ്യാർഥി സംഘടനയായ എഐഎസ്എഫുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ചു മടങ്ങുന്പോൾ ജില്ലാ സെക്രട്ടറിയെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. തുടർന്നാണു ഞാറയ്ക്കൽ സിഐ സ്ഥലത്തെത്തുന്നതും വാക്കുതർക്കമുണ്ടാകുന്നതും.