തിരുവനന്തപുരം: സിപിഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളെ സംസ്ഥാന ബജറ്റിൽ അവഗണിച്ചുവെന്ന് പരാതി ഇടതുമുന്നണിയിൽ ഉന്നയിക്കാൻ ഒരുങ്ങി സിപിഐ നേതൃത്വം. ബജറ്റിൽ അവഗണിച്ചതിന്റെ അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. കഴിഞ്ഞതവണ അനുവദിച്ചതിന്റെ പകുതി പണംപോലും ഇത്തവണത്തെ ബജറ്റിൽ അനുവദിച്ചില്ലെന്നാണ് സിപിഐയുടെ പരാതി.
മുന്നണി മര്യാദ ലംഘിച്ചെന്നും അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തില്ലെന്നും വിമർശനമുണ്ട്. വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി. അതേസമയം പ്രശ്നം വഷളാക്കേണ്ടെന്ന നിലപാടിലാണ് സിപിഎം.
സിപിഐ മന്ത്രിമാരുടെ അതൃപ്തി പരിഹരിക്കണമെന്നും സിപിഎമ്മിൽ അഭിപ്രായമുയർന്നിട്ടുണ്ട്. ബജറ്റ് നിയമസഭയിൽ പാസാക്കും മുമ്പ് കൂടുതൽ പണം അനുവദിച്ചേക്കാനും സാധ്യതയുണ്ട്.
ഭക്ഷ്യവകുപ്പിന് ബജറ്റിൽ കാര്യമായ പരിഗണന കിട്ടിയില്ലെന്ന പരാതി കഴിഞ്ഞ ദിവസം മന്ത്രി ജി.ആർ. അനിൽ ഉന്നയിച്ചിരുന്നു. സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു.
ബജറ്റിലെ അതൃപ്തി ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ അറിയിക്കാൻ ഒരുങ്ങുകയാണ് മന്ത്രി ജി.ആർ. അനിൽ. ഇന്നലെ ബജറ്റ് അവതരണത്തിനുശേഷം ബാലഗോപാലിനു ഹസ്തദാനം നടത്താതെ അനിൽ സഭ വിട്ടിരുന്നു. മൃഗസംരക്ഷണ വകുപ്പിന് പരിഗണന ലഭിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.