കൊച്ചി: ജില്ലയില്‍ പാര്‍ട്ടി മത്സരിച്ച രണ്ടു നിയമസഭാ സീറ്റുകളിലും തോറ്റതിനു പിന്നില്‍ സംഘടനാപരമായ പോരായ്മകളും വീഴ്ചകളും മറയ്ക്കാന്‍ പാടുപെട്ടു സിപിഐ.
മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായിരുന്ന എല്‍ദോ ഏബ്രഹാമിന്റെ ആഡംബരക്കല്യാണവും പറവൂരില്‍ സിപിഎമ്മിന്റെ തണുത്ത പ്രവര്‍ത്തനങ്ങളുമാണു തോല്‍വിക്കു പ്രധാന കാരണങ്ങളായി സിപിഐ സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ ഏകോപനക്കുറവ് മറച്ചുവയ്ക്കാനാണ് ഇത്തരം പ്രചാരണമെന്നു സിപിഐയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. സിപിഎം തോറ്റ മണ്ഡലങ്ങളില്‍ തങ്ങള്‍ക്കു പഴി കേള്‍ക്കാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യം കൂടിയാണു സിപിഐയുടെ ഒളിയമ്പുകളെന്നും ഇവര്‍ പറയുന്നു.
പറവൂരില്‍ വി.ഡി. സതീശന് ശക്തനായിരുന്നെങ്കിലും, ഇടതുതരംഗത്തില്‍ മണ്ഡലം തിരിച്ചുപിട്ടിക്കാമായിരുന്നുവെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്നണിക്ക് അനുകൂലമായ സാഹചര്യമുണ്ടായിരുന്നിട്ടും തോറ്റു.
ചില സിപിഎം നേതാക്കളുടെ തണുത്ത പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സിപിഐ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ പറവൂരിലെ സിപിഐയില്‍ നാളുകളായി പുകയുന്ന അഭിപ്രായ ഭിന്നതകള്‍ നേതൃത്വം പരിഗണിച്ചിട്ടില്ലെന്നാണു ഒരു വിഭാഗത്തിന്റെ ആരോപണം.
ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ.ആര്. രമ ഉള്‍പ്പടെ ഏതാനും നേതാക്കള്‍ പാര്‍ട്ടി വിട്ടത് പറവൂരിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. പ്രാദേശികമായി സിപിഐയ്ക്കുള്ളിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും ഏകോപനമില്ലായ്മയും തെരഞ്ഞെടുപ്പു പ്രചാരണത്തിലും പ്രകടമായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും വീഴ്ചയുണ്ടായെന്ന ഒരു വിഭാഗത്തിന്റെ ഓര്‍മപ്പെടുത്തല്‍ നേതൃത്വം അവഗണിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുനരാലോചന വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ നേതാക്കള്‍ തള്ളി.
ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെയാണു തോല്‍വിയ്ക്കു സിപിഎമ്മിനെ പഴിക്കുന്നതെന്നു പറവൂരിലെ ഒരു വിഭാഗം സിപിഐക്കാര്‍ കുറ്റപ്പെടുത്തുന്നു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ ട്രഷററും എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ എം.ടി. നിക്സണായിരുന്നു പറവൂരിലെ സിപിഐ സ്ഥാനാര്‍ഥി.
21301 വോട്ടുകള്‍ക്കായിരുന്നു പരാജയം. 2016ലേക്കാള്‍ കനത്ത തോല്‍വിയാണു സിപിഐ പറവൂരില്‍ ഏറ്റുവാങ്ങിയത്.