ഏറ്റുമാനൂർ: യുഡിഎഫിൽനിന്ന് എൽഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് -എമ്മിനെ ഉപയോഗിച്ചു ജില്ലയിൽ സിപിഐയെ ഒതുക്കാൻ സിപിഎം ശ്രമിക്കുന്നതായി സിപിഐ സംഘടനാ റിപ്പോർട്ട്.
ഏറ്റുമാനൂരിൽ ആരംഭിച്ച സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് സിപിഎമ്മിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐയുടെ സീറ്റുകൾ കേരള കോണ്‍ഗ്രസിനു വാങ്ങി നൽകാൻ സിപിഎമ്മാണ് മുന്നിട്ടിറങ്ങിയത്.
സീറ്റുകൾ കുറയ്ക്കാനുള്ള ശ്രമവും നടന്നു. ഇതിന്റെ ഭാഗമായി പല പഞ്ചായത്തുകളിലും സിപിഐക്ക് ഒറ്റയ്ക്കു മത്സരിക്കേണ്ടി വന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയ സാധ്യതയുള്ള സീറ്റായ കാഞ്ഞിരപ്പളളി കേരള കോണ്‍ഗ്രസിനു നൽകേണ്ടി വന്നു.
എന്നാൽ, മറ്റൊരു സീറ്റ് ലഭിച്ചില്ല. എൽഡിഎഫ് പരിപാടികളിലും മുന്നണി യോഗങ്ങളിലും സിപിഎമ്മിനു കേരള കോണ്‍ഗ്രസിനോടാണ് ചങ്ങാത്തം. പലയിടത്തും സിപിഐയെ ഒഴിവാക്കുകയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഏറ്റുമാനൂർ തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സിപിഐ ദേശീയ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. ചന്ദ്രശേഖരൻ എംഎൽഎ, സത്യൻ മൊകേരി, കെ.ഇ. ഇസ്മയിൽ, പി.വസന്തം, എ.കെ. ചന്ദ്രൻ, പി.കെ. കൃഷ്ണൻ, വി.ബി. ബിനു തുടങ്ങിയവർ സമ്മേളത്തിൽ പങ്കെടുക്കുന്നു.