കറുകച്ചാൽ: സിപിഐ ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നെത്തല്ലൂർ കവലയിൽ നിന്നും ചുവപ്പുസേനാമാർച്ച് ആരംഭിക്കും. തുടർന്ന് 5.30ന് കറുകച്ചാലിൽ ചേരുന്ന പൊതുസമ്മേളം സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ അധ്യക്ഷത വഹിക്കും. ബിനോയി വിശ്വം, മന്ത്രി പി.തിലോത്തമൻ,പി. പ്രസാദ്, പി.കെ.കൃഷ്ണൻ,മോഹൻ ചേന്നംകുളം, വി.എസ്.മനുലാൽ എന്നിവർ പ്രസംഗിക്കും.
ജില്ലാ സമ്മേളനത്തിലെ രണ്ടാം ദിവസമായ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും സിപിഎമ്മിനെതിരെ കടുത്ത വിമർശനവും ആരോപണങ്ങളുമാണു ഉയർന്നത്. അടുത്ത കാലത്തായി സിപിഎം പുലർത്തുന്ന നിലപാടുകൾ സിപിഐയെ അത്ഭുതപ്പെടുത്തുന്നുവെന്നും ബിജെപിയോട് ഇല്ലാത്ത വിരോധമാണ് സിപിഎമ്മിനു സിപിഐയോടുള്ളതെന്നും പ്രതിനിധികൾ ചർച്ചയിൽ തുറന്നടിച്ചു.
സിപിഐയുടെ വകുപ്പുകളിൽ അനാവശ്യമായി സിപിഎം കൈകടത്തുകയാണെന്നും, മന്ത്രിമാരുടെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ പോലും സിപിഎം കടന്നുകയറുന്നതായും ഇത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണന്നും ആരോപണമുയർന്നു. ബാർകോഴക്കേസിൽ അകപ്പെട്ട കെ.എം.മാണിക്കെതിരെ ഒറ്റക്കെട്ടായി സമരം ചെയ്തവരാണ് സിപിഎമ്മും സിപിഐയും. മാണിയുമായി ഒരു കാരണവശാലും യോജിച്ചു പോകാൻ പറ്റില്ലെന്നും പ്രതിനിധികൾ ചർച്ചയിൽ വ്യക്തമാക്കി.
സി. കെ. ശശിധരൻ ജില്ലാ സെക്രട്ടറി
കറുകച്ചാൽ: സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി സി. കെ. ശശിധരനെ വീണ്ടും തെരഞ്ഞെടുത്തു. ഇതു നാലാം തവണയാണു അദ്ദേഹം സെക്രട്ടറി പദവിയിലേക്കെത്തുന്നത്. 1975ൽ സിപിഐ കുറിച്ചി ബ്രാഞ്ച് സെക്രട്ടറിയായി. ചങ്ങനാശേരി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായും, മണ്ഡലം സെക്രട്ടറിയായും 10 വർഷം പ്രവർത്തിച്ചു. 1980ൽ ജില്ലാ കൗണ്സിൽ അംഗമായി.
തുടർന്ന് ജില്ലാ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി മൂന്നുടേം പൂർത്തിയാക്കി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെ 2008ൽ പാലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റേറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായും, ടെസിൽ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജനറൽ സെക്രട്ടറിയായും തൊഴിലാളി പ്രവർത്തന രംഗത്ത് ശ്രദ്ധേയനായി. ഭാര്യ ശ്രീകുമാരി. മക്കൾ: കാർത്തിക, ദീപ്തി.