കോട്ടയം: ജില്ലയിൽ ഇടതുമുന്നണിയിലെ രണ്ടാമൻ സിപിഐ തന്നെയെന്നും കേരള കോണ്‍ഗ്രസുമായി ഇടഞ്ഞുപോകേണ്ട സാഹചര്യം ഇന്നില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല സെക്രട്ടറി വി.ബി. ബിനു.
മുന്നണി ബന്ധത്തിനാണു സിപിഐ പ്രാധാന്യം നൽകിയത്. ചില വിട്ടുവീഴിചകൾ സംഭവിച്ചാലേ പൊതുരാഷ്ട്രീയത്തിൽ നാടിനുവേണ്ടി കൂട്ടായി മുന്നോട്ടുപോകാനാവൂ.
പ്രവർത്തനത്തിലും അംഗബലത്തിലും രണ്ടാംസ്ഥാനവും രാഷ്ട്രീയരംഗത്ത് മൂന്നാംസ്ഥാനവും സിപിഐക്കുണ്ട്. കേരള കോണ്‍ഗ്രസിന് അൽപമെങ്കിലും പ്രവർത്തകരുള്ള ജില്ല എന്ന നിലക്ക് അവർക്ക് കൂടുതൽ പരിഗണന നൽകേണ്ടിവരുമെന്ന ബോധ്യം പാർട്ടിക്കുണ്ട്.
അവർക്ക് മറ്റൊരു ജില്ല നൽകാനില്ലെന്ന ബോധ്യത്തിലാണ് വിട്ടുവീഴ്ച ചെയ്തത്.സിപിഐക്ക് ജില്ലയിൽ ഒരു സീറ്റിൽകൂടി മത്സരിക്കാൻ അർഹതയുണ്ടായിരുന്നെങ്കിലും കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നതിനാലാണ് വിട്ടുകൊടുത്തത്.
മറ്റൊരു സീറ്റ് കിട്ടണമെന്ന തങ്ങളുടെ ആവശ്യം ന്യായമായിരുന്നു. എങ്കിലും മുന്നണി ബന്ധത്തിൽ നഷ്ടങ്ങൾ സംഭവിച്ചാൽ മാത്രമേ പൊതുരാഷ്ട്രീയത്തിൽ നാടിനുവേണ്ടി കൂട്ടായി മുന്നോട്ടുപോകാനാവൂ.
കേരള കോണ്‍ഗ്രസ് -എം ബന്ധംകൊണ്ടു മുന്നണിക്ക് ഗുണമേ ഉണ്ടായുള്ളൂ. ദോഷമുണ്ടായതായി സമ്മേളനം വിലയിരുത്തിയില്ല.
മുന്നണിക്കകത്ത് നേരത്തെ ഇത്തരത്തിൽ പല ചർച്ചകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനുള്ള സാഹചര്യമല്ല. കേരള കോണ്‍ഗ്രസ് -എമ്മിന്റെ കാര്യങ്ങളും പോരായ്മകളും ഗുണങ്ങളും ചർച്ച ചെയ്തെന്നും അതൊന്നും പുറത്തുപറയാനാവില്ലെന്നും വി.ബി. ബിനു കൂട്ടിച്ചേർത്തു.
സെക്രട്ടറി സ്ഥാനം പാർട്ടിക്കെതിരായ വിജയമല്ല
കാനം-ഇസ്മായിൽ പക്ഷം എന്ന് പാർട്ടിയിലില്ല. തന്റെ സെക്രട്ടറി സ്ഥാനം സംസ്ഥാന നേതൃത്വത്തിനെതിരായ വിജയമായല്ല കണക്കാക്കേണ്ടത്.
പാർട്ടിയുടെ ഭരണഘടന പ്രകാരം ജില്ലാ കമ്മിറ്റിക്കാണ് സെക്രട്ടറിയെ തെഞ്ഞെടുക്കാൻ അവകാശം. സംസ്ഥാന നേതൃത്വം ആരെയും സെക്രട്ടറിയായി തീരുമാനിച്ചിരുന്നില്ല.
സംസ്ഥാന എക്സിക്യൂട്ടീവിനു നിർദേശിക്കാനേ കഴിയൂ. 300 പ്രതിനിധികൾ ചേർന്ന് തെരഞ്ഞെടുത്ത 51 അംഗ ജില്ല കമ്മിറ്റിയാണ് സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
ജില്ല കമ്മിറ്റിയിൽ പല പേരുകളും വരുമെങ്കിലും കമ്മിറ്റിയിലെ ഭൂരിപക്ഷം അനുസരിച്ചാണ് സെക്രട്ടറിയെ തീരുമാനിക്കുന്നതെന്നും വി.ബി. ബിനു പറഞ്ഞു.