ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം കാശു ചോദിക്കുമ്പോള്‍ കണ്ണുരുട്ടി കാണിക്കുകയും ഭീഷണിപ്പെടുത്തി പണം പിരിക്കുകയും ചെയ്ത സിപിഐ നേതാക്കള്‍ അറസ്റ്റില്‍. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അറേബ്യന്‍ ഹോട്ടല്‍ ഉടമ പരീതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐ എറണാകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പറവൂര്‍ വലിയകുളങ്ങര വീട്ടില്‍ ജോഷി (54), എറണാകുളം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പനങ്ങാട് മാടവന കുണ്ടംപറമ്പില്‍ വീട്ടില്‍ ഹഷീര്‍ (44) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തി ഭക്ഷണം കഴിക്കുകയും ഭക്ഷണത്തിന്റെ കാശ് കൊടുക്കുന്നതിനു പകരം ഭീഷണിപ്പെടുത്തി പണം പിരിക്കുകയും ചെയ്ത നേതാക്കളാണ് കുടുങ്ങിയത്. സംഘം പതിവായി അറേബ്യന്‍ ഹോട്ടലില്‍ നിന്നും പണം നല്‍കാതെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. പണം ചോദിച്ചാല്‍ ഭക്ഷണത്തിനു നിലവാരം കുറവാണ്, മാലിന്യപ്രശ്നത്തിനു കോര്‍പറേഷനു പരാതി നല്‍കി ഹോട്ടല്‍ പൂട്ടിക്കും എന്നൊക്കെ പറഞ്ഞുള്ള ഭീഷണിപ്പെടുത്തിയാണ് നേതാക്കളുടെ കലാപരിപാടി.
കഴിഞ്ഞ ഓഗസ്റ്റ് 27ന് ഇവര്‍ പണം ആവശ്യപ്പെട്ട് ഹോട്ടലിലെത്തിയെങ്കിലും ഉടമ പണം നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ ബലമായി പണം കൈക്കലാക്കിയതിനു ശേഷം ഹോട്ടലുടമയ്ക്കു നേരെ ഭീഷണിയുണര്‍ത്തിയാണ് ഇരുവരും മടങ്ങിയത്. ഇതിനു പിന്നാലെ ഹോട്ടലുടമ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് എസ്ഐ വി.ബി. അനസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.