തിരുവനന്തപുരം: മന്ത്രിസഭയിൽ നാലുസ്ഥാനത്തിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സിപിഐ നേതൃതലത്തിൽ ധാരണയെന്ന് സൂചന. സിപിഎമ്മുമായി നടത്തുന്ന ഉഭയകകക്ഷി ചർച്ചയിൽ ഈ നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുകയെന്നാണ് വിവരം.
സിപിഎം മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിൽ ചീഫ് വിപ്പ് സ്ഥാനം സിപിഐ. വിട്ടുനൽകും. നാല് മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ്വിപ്പ് എന്നീ സ്ഥാനങ്ങളാണ് ഒന്നാം പിണറായി സർക്കാരിൽ സി.പി.ഐ.ക്കുണ്ടായിരുന്നത്.
മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ച വ്യാഴാഴ്ച തുടങ്ങും. സിപിഐയുമായി ധാരണയുണ്ടാക്കിയ ശേഷമായിരിക്കുമിത്. ഈ ചർച്ചയിലെ ധാരണയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പരിശോധിക്കുക.
ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറുമായിരുന്നു തുടക്കത്തിൽ സിപിഎമ്മിനുണ്ടായിരുന്നത്. സിപിഐ.ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും.
ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ പകരം എം.എം.മണി മന്ത്രിയായി. മണിയെ നിലനിർത്തികൊണ്ട് ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സിപിഎം. മന്ത്രിമാരുടെ എണ്ണം 13 ആയത്. ഇതിന് പകരം സിപിഐയ്ക്ക് നൽകിയ സ്ഥാനമാണ് ചീഫ് വിപ്പ്.