തിരുവനന്തപുരം: മലപ്പുറത്തു ചേരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനു ശേഷം പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തും. ഇതിനായി പാർട്ടിതലത്തിൽ തന്നെ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ഇടതുമുന്നണി എന്ന നിലയിൽ മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തണമെന്നാണു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ അതു നടന്നില്ല. പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങളിൽ പാർട്ടി കൈകാര്യം ചെയുന്ന റവന്യൂ വകുപ്പിനെതിരെ പരാതികൾ സിപിഐ സമ്മേളനങ്ങളിൽ തന്നെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓരോ വകുപ്പും പ്രത്യേകം പരിശോധിക്കുന്നതു ഗുണകരമാകുമെന്ന വിലയിരുത്തലാണു എക്സിക്യൂട്ടീവിൽ ഉണ്ടായത്.
എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു യോഗത്തിൽ പൊതുവിലയിരുത്തലൊന്നും ഉണ്ടായില്ല. മാർച്ച് ഒന്നു മുതൽ നാലു വരെ മലപ്പുറത്താണു സിപിഐ സംസ്ഥാന സമ്മേളനം.