തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടുന്നതിനിടെ മന്ത്രിസഭയിൽ നിന്ന് തൽക്കാലം മാറി നിൽക്കാമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തിലും എതിർപ്പറിയിച്ച് സിപിഐ. രാജിക്കാര്യത്തിൽ മന്ത്രി മുന്നോട്ട് വച്ച ഒരു ഉപാധികളും അംഗീകരിക്കില്ലെന്ന് സിപിഐ നേതൃത്വം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐയുടെ നാല് മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
നിയമസഭാകക്ഷി നേതാവായ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് മന്ത്രിമാർ മുഖ്യമന്ത്രിയെ കാണുക. രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നിരുന്നു. സെക്രട്ടറിയേറ്റിൽ എത്തിയ മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കെ.രാജു, പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ എന്നിവർ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പറിയിച്ച് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ യോഗം അവസാനിക്കുന്നതുവരെ ഇവർ റവന്യൂ മന്ത്രിയുടെ മുറിയിൽ തുടരുകയും ചെയ്തു.