കോട്ടയം: എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സിപിഐയിൽ അമർഷം പുകയുന്നു.
ജോസ് കെ. മാണിക്ക് 13 സീറ്റ് നൽകിയതിലും തങ്ങളാവശ്യപ്പെട്ട ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്നതുമാണ് സിപിഐ അണികളെയും ഒരുപറ്റം സംസ്ഥാന നേതാക്കളെയും ചൊടിപ്പിച്ചത്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് ഇത്തവണ അതിൽ രണ്ടു സീറ്റുകളാണ് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വന്നത്.
കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും. ഇതിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കാലങ്ങളായി മത്സരിച്ച് പോരുന്ന സീറ്റായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലവും കാഞ്ഞിരപള്ളി തന്നെ.
എന്നാൽ, ഇവിടെ സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസിന്റേതാണ് എന്നതിനാൽ അവർ ആ സീറ്റ് ആവശ്യപ്പെടുകയും സിപിഐ ഒരു പരിധിവരെ വഴങ്ങുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി വിട്ടു നൽകുമ്പോൾ ജില്ലയിൽ മറ്റെവിടെയെങ്കിലും ഒരു സീറ്റ് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലായിരുന്നു സിപിഐയുടെ കണ്ണ്.
എന്നാൽ, പൂഞ്ഞാർ സീറ്റ് സിപിഎം നേരത്തെ തന്നെ ജോസ് വിഭാഗത്തിനു നൽകി. പിന്നാലെ, ചങ്ങനാശേരി കേന്ദ്രീകരിച്ചായി ചർച്ചകൾ.
ഈ സീറ്റും തങ്ങൾക്ക് വേണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ വഷളായി.
കാഞ്ഞിരപ്പള്ളി വിട്ടു നൽകണമെങ്കിൽ ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന് കാനം രാജേന്ദ്രൻ സിപിഎം നേതൃത്വത്തെ അറിയിച്ചു. ഒന്നിലേറെ തവണ വിഷയം ചർച്ച ചെയ്തെങ്കിലും ഇരു വിഭാഗവും വഴങ്ങാൻ കൂട്ടാക്കിയില്ല.
ഒടുവിൽ, തിങ്കളാഴ്ച കേരള കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചകൾക്കു പിന്നാലെ സീറ്റ് അവർക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, ഇതിനോട് സിപിഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. ചങ്ങനാശേരിയും ലഭിക്കാതെ വരുന്നതോടെ പാർട്ടി സെക്രട്ടറിയുടെ നാട്ടിൽ സിപിഐ കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങി. കോട്ടയത്ത് വൈക്കത്ത് മാത്രമാണ് സിപിഐയ്ക്ക് സീറ്റുള്ളത്.
സിപിഎം കേരള കോൺഗ്രസിന് നൽകുന്ന അമിത സ്വീകാര്യതയും ഇതിനെല്ലാം സിപിഐ നേതൃത്വം വഴങ്ങുന്നതുമാണ് സിപിഐ അണികളെ ചൊടിപ്പിച്ചിരിക്കുന്നത്.
പാർട്ടിയുടെയും യുവജന വിദ്യാർഥി സംഘടനകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലുമെല്ലാം അണികൾ ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്.
ജോസ് കെ.മാണിയിൽ നിന്ന് കോടികൾ വാങ്ങിയാണ് സിപിഐയും സിപിഎമ്മിന്റെ നീക്കങ്ങളോട് മൗനം പാലിക്കുന്നത് എന്നുവരെ നീളുന്ന വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.
കഴിഞ്ഞ തവണ 27 സീറ്റിൽ 19ഉം ജയിച്ച് സിപിഐ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.