പേരാമ്പ്ര: പൈതോത്ത് റോഡിൽ നിർമാണം പുരോഗമിക്കുന്ന സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ് വിവാദത്തിൽ. നഞ്ച ഭൂമിയിലാണ് ഓഫീസ് നിർമിക്കുന്നതെന്ന പരാതിയെ തുടർന്ന് പേരാമ്പ്ര പഞ്ചായത്ത് പെർമിറ്റ് റദ്ദാക്കി സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ ഇത് അവഗണിച്ചും ഓഫീസിന്റെ പണി പുരോഗമിക്കുകയാണ്. ഇരുനില കെട്ടിടമാണ് നിർമിക്കുന്നത്. മേയ് ആറിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുന്നത്.
നഞ്ചഭൂമിയിൽ ഉൾപ്പെടെ കെട്ടിടമുണ്ടാക്കുന്നത് തടയുന്ന സിപിഐ എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥലത്ത് കെട്ടിടം പണിയുകയെന്ന ചോദ്യമാണ് ഉയരുന്നത്. ഓഫീസ് കെട്ടിടത്തിലേക്ക് യൂത്ത് ലീഗും യുവമോർച്ചയും മാർച്ച് നടത്തി. എന്നാൽ കെട്ടിട നിർമ്മാണം നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സിപിഐ പറയുന്നു.
ഈ ഭൂമി 2008 ലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ല. കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസ് നൽകിയതാണ്. വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ ഈ സ്ഥലത്ത് തെങ്ങുകൾ ഉൾപ്പെടെയുള്ള മരങ്ങൾ ഉണ്ടെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു.
2017 ലെ കേരള തണ്ണീർത്തട സംരക്ഷണ ഓർഡിനൻസ് പ്രകാരം ഭൂമിയുടെ തരം മാറ്റിയ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഇനി പഞ്ചായത്തിൽ നിന്നും അനുമതി ലഭിക്കുകയുള്ളു. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പണി തുടർന്നാൽ പൊളിച്ചുമാറ്റാൻ അധികാരമുണ്ടെന്നാണ് സെക്രട്ടറി പറയുന്നത്.