കൊല്ലം: സിപിഐയുടെ 23-ാം പാർട്ടി കോൺഗ്രസ് നാളെ മുതൽ 29 വരെ കൊല്ലത്ത് നടക്കും. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും കൺട്രോൾ കമ്മീഷൻ അംഗങ്ങളും അടക്കം 900 പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ നിന്ന് മാത്രം 110 പ്രതിനിധികൾ ഉണ്ടാകും.
26ന് രാവിലെ പത്തിന് ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം സി.എ.കുര്യൻ പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും.
സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേബബ്രത വിശ്വാസ്, ആർഎസ്പി സെക്രട്ടറി ക്വിറ്റി ഗോസ്വാമി, എസ് യുസിഐ നേതാവ് പ്രൊവാഷ് ഘോഷ്, സിപിഐ-എംഎൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ റിവ്യൂ റിപ്പോർട്ട്, കരട് സംഘടനാ റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. 27,28 തീയതികളിൽ റിപ്പോർട്ടുകളിന്മേൽ പൊതുചർച്ചയും മൂന്ന് കമ്മീഷനുകളായി തിരിഞ്ഞ് ചർച്ചയും നടക്കും. 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജനറൽ സെക്രട്ടറിയുടെ മറുപടിയും തുടർന്ന് റിപ്പോർട്ടുകൾ അംഗീകരിക്കലും.
29ന് രാവിലെ പത്തിന് പുതിയ ജനറൽ സെക്രട്ടറി, നാഷണൽ കൗൺസിൽ, എക്സിക്യൂട്ടീവ്, കൺട്രോൾ കമ്മീഷൻ തെരഞ്ഞെടുപ്പുകൾ, ഉച്ചകഴിഞ്ഞ് മൂന്നിന് നഗരത്തിൽ ഒരുലക്ഷം ചുവപ്പ് വോളണ്ടിയർമാർ അണിനിരക്കുന്ന മാർച്ച് നടക്കും. തുടർന്ന് ആശ്രാമം മൈതാനിയിലെ സി.കെ.ചന്ദ്രപ്പൻ നഗറിൽ പൊതുസമ്മേളനം നടക്കും.