പത്തനംതിട്ട: എഐവൈഎഫ് ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെ ഓഫീസ് പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് നേതൃത്വം വിശദീകരണം തേടി. ഇന്നലെ സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം വിളിച്ചിരിക്കേ ഓഫീസ് സെക്രട്ടറി താക്കോലുമായി മുങ്ങിയതോടെ കമ്മിറ്റിക്ക് എത്തിയവര്‍ പുറത്തു നില്ക്കേണ്ടിവന്നു.
ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ നടപടിയെടുത്തശേഷം ആദ്യം വിളിച്ച ജില്ലാ കമ്മിറ്റി യോഗമായിരുന്നു എഐവൈഎഫിന്റേത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളില്‍ ജയനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നു നീക്കി സംസ്ഥാന കൗണ്‍സില്‍ കഴിഞ്ഞയാഴ്ചയാണ് തീരുമാനമെടുത്തത്.
ജില്ലാ സെക്രട്ടറിയുടെ ചുമതല മുന്‍മന്ത്രിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുല്ലക്കര രത്നാകരനു നല്‍കിയിരിക്കുകയാണ്. ജയനെതിരേയുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ജില്ലാ കൗണ്‍സിലും കമ്മിറ്റിയിലും താഴെഘടകങ്ങളിലും അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്തെത്തിയിരുന്നു. പലയിടങ്ങളിലും കീഴ്ഘടകങ്ങളില്‍ രാജി തീരുമാനങ്ങളുമുണ്ടായിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ഇന്നലെ ഓഫീസ് പൂട്ടിയിട്ടിരുന്നത്. ഓഫീസ് സെക്രട്ടറിയാണ് താക്കോല്‍ സൂക്ഷിക്കുന്നത്. ഇയാള്‍ കോയമ്പത്തൂര്‍ പോയതായി പറയുന്നു.
ഇതു സംബന്ധിച്ച് ഓഫീസ് സെക്രട്ടറിയില്‍ നിന്നും ജില്ലാ നേതൃത്വം വിശദീകരണം തേടി. കമ്മിറ്റി ചേരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വിശദീകരണം. ജയന് അനുകൂലിയാണ് ഓഫീസ് സെക്രട്ടറിയെന്നും പറയുന്നു.
കമ്മിറ്റിക്കെത്തിയവര് ഏറെനേരം പുറത്തുനില്‍ക്കേണ്ടിവന്നു.
ജയനെതിരേയുള്ള നടപടിയെ അനുകൂലിക്കുന്നവരാണ് എഐവൈഎഫ് നേതാക്കളില്‍ നല്ലൊരു പങ്കും.ഓഫീസ് തുറക്കാനാകാത്തതിനാല്‍ എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് യോഗം പിന്നീട് ജോയിന്റ് കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്നു.
രണ്ട് മണിക്കൂറിനുശേഷം പിറകിലെ കോണ്‍ഫറന്‍സ് ഹാളിന്റെ താക്കോല്‍ എത്തിച്ചാണ് താത്കാലികമായി പ്രതിസന്ധി പരിഹരിച്ചത്.സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് സിപിഐ ജില്ലാ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.