എറിയാട്: പ്രസിഡന്റ് സ്ഥാനം പങ്കിടാത്തതിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ രാജിവച്ചു. സിപിഐ പ്രതിനിധിയായ വൈസ് പ്രസിഡന്റ് പി. എം. അബ്ദുള്ള ഇന്ന് രാവിലെയാണ് തൽസ്ഥാനം രാജിവച്ചത്. പാർട്ടി ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് രാജി.
പ്രസിഡന്റ് സ്ഥാനം പങ്കുവെയ്ക്കാമെന്ന മുന്നണി ധാരണ സിപിഎം അട്ടിമറിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർത്തിയാണ് സിപിഐ കടുത്ത നിലപാട് സ്വീകരിച്ചത്. ആദ്യ നാല് വർഷം പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും ബാക്കി ഒരു വർഷം സിപിഐക്കും എന്നായിരുന്നു എൽ ഡി എഫ് തിരുമാനം. ഇത് അട്ടിമറിച്ചാണ് സിപിഎം തന്നിഷ്ട പ്രകാരം നിലപാട് സ്വീകരിച്ചത്. ഈ വിഷയത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും അവസാന സമയം വരെ ഇതു സംബന്ധിച്ച് തിരുമാനങ്ങൾ ഉണ്ടായിരുന്നില്ല.
ഇതേ സമയം തങ്ങൾക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ള എറിയാട് പഞ്ചായത്തിൽ സിപിഐയുമായി അത്തരമൊരു ധാരണയുണ്ടാക്കിയിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വാദം . അടിസ്ഥാന രഹിതമായ അവകാശവാദമാണ് സിപിഐ ഉന്നയിക്കുന്നതെന്നും സിപിഎം നേതൃത്വം പറയുന്നു .
മുന്നണിയുടെ വിവിധ തലങ്ങളിൽ ചർച്ച നടന്നുവെങ്കിലും ധാരണയിലെത്താൻ കഴിയാത്തെ സാഹചര്യത്തിലാണ് സിപിഐ നിലപാട് കടുപ്പിച്ചത്.ഇന്ന് രാവിലെ 11ന് പി.എം. അബ്ദുള്ള സെക്രട്ടറി ഷീലക്ക് രാജിക്കത്ത് നൽകി . സിപിഐ ഭാരവാഹികളും ജനപ്രതിനിധികളും രാജിക്കത്ത് നൽകിയ ചടങ്ങിനെത്തിയിരുന്നു.