ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരുമെന്ന് സിപിഐ ഔദ്യോഗികമായി അറിയിച്ചു.
ജനുവരി 30ന് ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ നടക്കുന്ന സമാപനച്ചടങ്ങിലാണ് ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എംപി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുക.
കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ക്ഷണം സ്വീകരിച്ചാണു പങ്കെടുക്കുമെന്ന് സിപിഐ അറിയിച്ചത്.
മതേതരത്വ, ജനാധിപത്യ കാഴ്ചപ്പാടുകൾ തിരിച്ചുപിടിക്കുന്നതിന് ഒരുമിച്ചുനിൽക്കണമെന്ന് ഡി. രാജ പറഞ്ഞു. യാത്രയുടെ സമാപനത്തിൽ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. സിപിഐ മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
അതേസമയം ഭാരത് ജോഡോ യാത്ര നാളെ പഞ്ചാബിൽനിന്നു ജമ്മുകാഷ്മീരിൽ പ്രവേശിക്കും. യാത്രയ്ക്ക് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ കാൽനട യാത്ര ഉപേക്ഷിച്ച് കാർ ഉപയോഗിക്കണമെന്നു പോലീസ് രാഹുലിനോട് നിർദേശിച്ചു.