തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ ക്രെഡിറ്റുവേണ്ടെന്നും ആരുവേണമെങ്കിലും എടുത്തോട്ടെയെന്നും സിപിഐ. മന്ത്രി രാജിവയ്ക്കുമെന്ന് ആരുടെയെങ്കിലും മനസിലുണ്ടായിരുന്നെങ്കിൽ അത് സിപിഐക്ക് അറിയില്ലായിരുന്നെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ലഭിച്ച നിയമോപദേശം റവന്യുമന്ത്രിയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. കളക്ടറുടെ റിപ്പോർട്ട് റവന്യൂമന്ത്രിയാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ ലഭിച്ച നിയോമപദേശം ആദ്യം അറിയിക്കേണ്ടിയിരുന്നത് റവന്യുമന്ത്രിയെ ആയിരുന്നു. എന്നാൽ ഈ നിമിഷംവരെ അതുണ്ടായിട്ടില്ല.
ഭരണഘടനാ ലംഘനം നടത്തുകയും സർക്കാരിനെതിരെ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്ത ഒരു വ്യക്തി അഗംമായിട്ടിരിക്കുന്ന മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരുണ്ടാകില്ലെന്ന് നേരത്തെ സൂചന നൽകിയിരുന്നതാണ്. 14 ാം തീയതി രാത്രിയോ പിറ്റേന്ന് രാവിലെയോ മന്ത്രിയുടെ രാജി സംബന്ധിച്ച് സിപിഐക്ക് ഒരുറപ്പും ആരും നൽകിയില്ല. ഇതുണ്ടാവേണ്ടിയിരുന്നു. ഈ കമ്യൂണിക്കേഷൻ ഗ്യാപ്പാണ് പ്രശ്നം വഷളാക്കിയത്.
സോളാർ കേസിൽ പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് പിടിവള്ളിയായത് ചാണ്ടി മന്ത്രിസഭയിൽ തുടർന്നതാണ്. ചാണ്ടി വിഷയത്തിൽ അഭിപ്രായം വ്യത്യാസം ഉണ്ടായിരുന്നു. അത് രാജിയോടെ അവസാനിച്ചതായും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു.