തൃശൂർ: ഒല്ലൂരിൽ സിപിഎം - സിപിഐ പോര് പരസ്യ പ്രസ്താവനകളിലേക്കു കടക്കുന്നു. അടുത്ത തവണ സ്ഥാനാർഥിയുമായി വന്നാൽ കാണിച്ചുതരാമെന്നു സിപിഐക്ക് സിപിഎം ഒല്ലൂർ ഏരിയ സെക്രട്ടറി കെ.പി. പോളിന്റെ ഭീഷണി.
അഞ്ചേരിയിലെ യോഗത്തിൽ പരസ്യമായാണ് കെ.പി. പോൾ സിപിഐക്കാരോടു ഭീഷണി മുഴക്കിയത്. ഇതോടെ സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ സിപിഎമ്മിനെതിരെ പ്രതിഷേധങ്ങളും ശക്തമാക്കി.
ഒല്ലൂർ മണ്ഡലത്തിൾ 85 ഓളം ബ്രാഞ്ചുകളാണു സിപിഐക്കുള്ളത്. ഇതിൽ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്ന ഇരുപതോളം ബ്രാഞ്ചുകളിലും സിപിഎമ്മിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നു കണ്ടെത്തിയ സിപിഎമ്മിൽ നിന്നു പുറത്താക്കയവരെ സിപിഐയിൽ ചേർത്തതാണു സിപിഎമ്മിനെ ചൊടിപ്പിച്ചത്.
കോണ്‍ഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ ആളുകളെ കൂട്ടുന്നതിനോടു വിയോജിപ്പില്ല. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ച സിപിഎമ്മുകാരെത്തന്നെ സിപിഐ എടുത്തത് മര്യാദയായില്ലെന്നാണു സിപിഎമ്മിന്റെ നിലപാട്.
അതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയുമായി വന്നാൽ എന്തു ചെയ്യണമെന്നു തങ്ങൾ കാണിച്ചു തരാമെന്നാ ണു കെ.പി. പോൾ പ്രസംഗത്തിൽ പരസ്യമായി പറഞ്ഞത്.
ഇതിനിടെ സിപിഐയെ വളർത്താൻ മന്ത്രി കെ. രാജൻ ബ്രാഞ്ച് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനോടും സിപിഎമ്മിൽ അമർഷമുണ്ട്.
മണ്ഡലത്തിൽ സിപിഎമ്മിനെ തകർത്ത് സിപിഐയെ വളർത്താൻ ശ്രമിക്കുന്നതിനോടു യോജിക്കാനാകില്ലെന്ന നിലപാടാണു പാർട്ടി നേതാക്കൾക്കുള്ളത്.