കൊല്ലം : അഞ്ചലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവും പിന്നാലെ പുനലൂര്‍ പോലീസ് സ്റ്റേഷന് പത്തുമണിക്കൂറിലധികം ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അഞ്ചല്‍ കോളേജ് ജംഗ്ഷനില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ മോദി പഞ്ച് ചലഞ്ച് നടത്താന്‍ തീരുമാനിക്കുകയും ഇതിന്റെ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു.
ഇതറിഞ്ഞെത്തിയ പോലീസ് പഞ്ച് ചലഞ്ചിനായ് തയാറാക്കിയ കോലം പിടിച്ചെടുത്തു എന്ന് മാത്രമല്ല അവിടെ ഉണ്ടായിരുന്ന എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. ഇത് പോലീസും അവിടെ ഉണ്ടായിരുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരും പകര്‍ത്തിയ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഒരു കേസ് എടുത്ത് ഒഴിവാക്കാമായിരുന്ന ഈ നടപടിയാണ് പിന്നീടുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കിയത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ അഞ്ചലില്‍ പ്രകടനം നടത്തി തിരികെവരവേ എതിര് ദിശയില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും പ്രകടനമായി എത്തി.
പുനലൂര്‍ ഡിവിഷന്റെ കീഴിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസുകാര്‍ അവിടെ ഉണ്ടെന്നിരിക്കെ ഒരു സംഘടനയുടെ പ്രതിഷേധം വഴി തരിച്ചുവിടാന് പോലീസിന് കഴിഞ്ഞില്ല. ഇതാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഐ പ്രവര്‍ത്തകരും തമ്മില്‍ കല്ലേറില്‍ കൊണ്ടെത്തിച്ചത്. ഈ കല്ലേറിലാണ് പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസിന് തലയ്ക്കു പരിക്കേറ്റത്.
എന്നാല്‍ ഇതിനെ തുടര്‍ന്ന് സിപിഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ അര്‍ദ്ധരാത്രിയിൽ വീട്ടിനുള്ളില്‍ കടന്ന് അറസ്റ്റ് ചെയ്ത പോലീസ് പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും കൊലപാതക ശ്രമം അടക്കം ചുമത്തി ലോക്കപ്പില്‍ അടക്കുകയും ചെയ്തു.
ഇതാണ് പുനലൂരില്‍ പത്തുമണിക്കൂര്‍ നീണ്ട പോലീസ് സ്റ്റേഷന് ഉപരോധത്തില്‍ കലാശിച്ചത്. സിപിഐ പ്രവര്‍ത്തകരുടെ ഒരാവശ്യവും അംഗീകരിക്കാന്‍ ആദ്യം തയാറാകാതിരുന്ന പോലീസ് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ സിപിഐ പ്രവര്‍ത്തകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു.
കൊലപാതക ശ്രമം ഒഴിവാക്കി എന്നത് മാത്രമല്ല അഞ്ചല്‍ എസ് ഐ രാജേഷ് അടക്കമുള്ള പോലീസുകാരുടെ വീഴ്ച അന്വേഷിക്കുമെന്നും പോലീസ് ഉറപ്പു നല്കി. സംഘര്‍ഷത്തിലും ഉപരോധത്തിലും പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചലില്‍ സ്ഥിതി ശാന്തമാണ്. എന്നാല്‍ സിപിഐ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്