തലശേരി: സിപിഎം തലശേരി ഏരിയാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത് സിപിഐ നഗരസഭ കൗൺസിലർ. തിരുവങ്ങാട് വാർഡിലെ കൗൺസിലറും മഹിളാ ഫെഡറേഷൻ നേതാവുമായ എൻ. രേഷ്മയാണ് രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തലശേരി ഏരിയാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തത്. ദീപശിഖാപ്രയാണത്തിലും പ്രകടനത്തിലും പൊതു സമ്മേളനത്തിലും ഇവർ സജീവമായിരുന്നു.
തലശേരി സിപിഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം. പ്രേമാനന്ദന്റെ ഭാര്യയാണ് രേഷ്മ. ഇത്തവണ തിരുവങ്ങാട് സീറ്റ് ലഭിക്കില്ലെന്ന് ബോധ്യമായതിനെ തുടർന്ന് അധികാരം നിലനിർത്താനും വീണ്ടും കൗൺസിലർ സ്ഥാനത്ത് എത്താനുമാണ് രേഷ്മ ഇപ്പോൾ സിപിഎമ്മിനൊപ്പം സഞ്ചരിക്കുന്നതെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്.
എന്നാൽ താൻ സിപിഎമ്മുകാരിയാണെന്നും കുണ്ടുചിറ സ്വദേശിയായ തന്റെ സഹോദരങ്ങൾ സിപിഎം പ്രാദേശിക നേതാക്കളാണെന്നും രേഷ്മ രാഷ്ട്രദീപികയോടു പറഞ്ഞു.ഭർത്താവ് സിപിഐ ആയതു കൊണ്ടാണ് താൻ സിപിഐ ടിക്കറ്റിൽ കൗൺസിലർ ആയത്. സിപിഐയിലെ ചില നേതാക്കളുടെ കൊള്ളരുതായ്മകൾ താൻ ചൂണ്ടിക്കാണിച്ചിരുന്നു.
ഏറെ നാളുകളായി താൻ സിപിഐ ഓഫീസിൽ കയറാറില്ല, വാർഡിലെ പ്രവർത്തനങ്ങൾക്ക് സിപിഐയിൽ നിന്ന് സഹായം ലഭിക്കാറില്ലെന്നും പാർട്ടി ഏതാണെന്ന് ആരെങ്കിലം ചോദിച്ചാൽ എൽഡിഎഫ് എന്നാണ് പറയാറെന്നും രേഷ്മ വ്യക്തമാക്കി.
സിപിഐ പ്രദേശിക നേതാവായിരുന്നു പ്രേമാനന്ദൻ ഏതാനും വർഷങ്ങളായി പാർട്ടിയുമായി അകന്നു കഴിയുകയായിരുന്നു. വരുന്ന നഗരസഭ തെരഞ്ഞെടുപ്പോടെ പ്രേമനന്ദനും രേഷ്മയും സിപിഎമ്മിൽ എത്തുമെന്നാണ് സിപിഎം പ്രദേശിക നേതാക്കൾ പറയുന്നത്.
- നവാസ് മേത്തർ