അമ്പലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സർക്കാർ ഓഫീസിന്റെ മതിലിൽ രാഷ്ട്രീയപ്പാർട്ടിയുടെ സമ്മേളനത്തിന്റെ പരസ്യപ്രചാരണം. പുന്നപ്ര തെക്ക് വില്ലേജ് ഓഫീസിന്റെ മതിലിലാണ് സി പിഐ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
സെപ്റ്റംബർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസിന്റെ മതിലിൽ പാർട്ടി പ്രവർത്തകർ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
സർക്കാർ ഓഫീസിന്റെ മതിലുകൾ രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കരുതെന്ന നിയമം നിലവിലുള്ളപ്പോഴാണ് റവന്യുവകുപ്പ് കൈകാര്യം ചെയ്യുന്ന സിപി ഐ തന്നെ ഈ മാനദണ്ഡം കാറ്റിൽപ്പറത്തിയിരിക്കുന്നത്. ഇതിനെതിരേ ജില്ലാ കളക്ടർക്കു പരാതി നൽകാനൊരുങ്ങുകയാണ് ചിലർ.