മണ്ണാർക്കാട്: തെങ്കരപഞ്ചായത്തിൽ യുഡിഎഫ് വിജയം നേടിയതോടെ ലീഗിന് പ്രസിഡന്റ് സ്ഥാനം. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചത്. ലീഗിലെ എ. സലീനയാണ് പുതിയ പ്രസിഡന്റ്. തെരഞ്ഞെടുപ്പിൽനിന്നു ബിജെപി വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. വിപ്പ് ലംഘിച്ച സിപിഐ അംഗം പ്രസന്ന യുഡിഎഫിനൊപ്പം നിന്നു.
പതിനേഴ് അംഗങ്ങളുള്ള ഭരണസമിതിയിൽ സിപിഎം-ഏഴ്, സിപിഐ-ഒന്ന്, കോണ്ഗ്രസ്-രണ്ട്, ലീഗ്-അഞ്ച്, ബിജപി-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സിപിഐയുടെ പിന്തുണ ഏഴംഗങ്ങളുള്ള യുഡിഎഫിന് ലഭിച്ചതോടെയാണ് ഇരുമുന്നണികളും തുല്യ അംഗബലത്തിലെത്തിയത്.
തുടർന്ന് ടോസിൽ യുഡിഎഫിന് ഭരണം അനുകൂലമാവുകയായിരുന്നു. വെള്ളാരംകുന്ന് പതിമൂന്നാം വാർഡ് അംഗം സലീനക്കാണ് മുന്നണിധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കക്ഷിരാഷ്ട്രീയ ഭേദമെന്യെ ജനവികസനത്തിനായി അധികാരം വിനിയോഗിക്കുമെന്ന് സ്ഥാനാരോഹണത്തിനു ശേഷം സലീന പറഞ്ഞു.
തുടർന്ന് പ്രവർത്തകർ പുതിയ പ്രസിഡന്റിനെ ഹാരമണിയിച്ചു. കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിനെ തുടർന്ന് മൂർച്ഛിച്ച സിപിഎം, സിപിഐ ചേരിപ്പോരിൽ പ്രതികാരം തീർക്കുകയെന്നോണമാണ് സിപിഐ തെങ്കരയിൽ സിപിഎമ്മിന്റെ കാലുവാരിയത്. ബിജെപി വിട്ടുനിന്നതോടെ സമനിലയിൽ പിടിച്ചുനില്ക്കാൻ നേതൃത്വത്തിന്റെ വിപ്പുപോലും ലംഘിച്ചാണ് സിപിഐ അംഗം യുഡിഎഫിന് താങ്ങായത്.
വി. പ്രസന്നയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐ നേതൃത്വം അറിയിച്ചു. തെങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി പിഎം പിന്തുണയോടെ സ്വതന്ത്രൻ സി.എച്ച്.മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റ്സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിന് സമാനമായാണ് ആവർത്തിച്ചതെങ്കിലും നറുക്കെടുപ്പ് സിപിഎം പിന്തുണയോടെ സ്വതന്ത്രന് അനുകൂലമാവുകയായിരുന്നു.