സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിനോയ് വിശ്വം എംപിയുടെ കോൺഗ്രസ് അനുകൂല പ്രസ്താവന വിഷയത്തിൽ പോരടിച്ച് സിപിഎമ്മും സിപിഐയും.
ബിനോയ് വിശ്വത്തിനു പിന്തുണയുമായി സിപിഐ രംഗത്തെത്തിയതിനു പിന്നാലെ സിപിഐ നിലപാടിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ സഹായിക്കില്ലെന്നു വ്യക്തമാക്കിയ കോടിയേരി, സിപിഐ നിലപാട് തൃക്കാക്കരയിൽ കോൺഗ്രസിനെ സഹായിക്കുമെന്നും കുറ്റപ്പെടുത്തി.
ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിനു കോൺഗ്രസ് അനിവാര്യമാണെന്നും ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ബദൽ അസാധ്യമാണെന്നുമാണ് പി.ടി. തോമസ് അനുസ്മരണ ചടങ്ങിൽ ബിനോയ് വിശ്വം പറഞ്ഞത്.
ഇതിനെ അനുകൂലിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാട് തന്നെയാണെന്നു വ്യക്തമാക്കിയതിനു പിന്നാലെ സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലും നിലപാട് ആവർത്തിച്ചു.
ഇതോടെയാണ് സിപിഐക്കെതിരേ കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. ഇക്കാര്യം വിശദമാക്കി ദേശാഭിമാനിയിൽ ലേഖനമെഴുതിയതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം, സിപിഐ നിലപാടിനെ വിമർശിക്കുകയും ചെയ്തു.
കോൺഗ്രസിനെ ബദലായി കാണാനാവില്ലെന്നും കേരളത്തിൽ ഇടത് പാർട്ടികളാണ് ശരിയായ ബദലെന്നും പറഞ്ഞ കോടിയേരി, ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ വർഗീയ പ്രീണന നയമാണ് സംഘപരിവാർ ഉപയോഗിക്കുന്നത്. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല.
ഇത് പാര്‍ട്ടിയുടെ തകര്‍ച്ചയിലേക്ക് നയിച്ചെന്നും കോടിയേരി പറഞ്ഞു.