പിറവം: സിപിഎം-സിപിഐ സംഘർഷം നിലനിൽക്കുന്ന പിറവം നഗരസഭയിൽ സിപിഐ കൗൺസിലർ മുകേഷ് തങ്കപ്പനെയും എഐവൈഎഫ് പ്രവർത്തകൻ ബിബിൻ ജോർജിനെയും പട്ടാപ്പകൽ നഗരസഭാ ഓഫീസിന് മുന്നിൽ തല്ലിച്ചതച്ചു. ആറോളം പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ 11 ഓടെ നിരവധിപേർ നോക്കിനിൽക്കെ കമ്പിവടികളുമായെത്തി ആക്രമിച്ചത്.
സാരമായി പരിക്കേറ്റ മുകേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിബിനെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐക്കാരാണെന്നും പ്രാദേശികനേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സിപിഐ നേതാക്കൾ ആരോപിച്ചു. എന്നാൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ആരോപണം നിഷേധിച്ചു.
കഴിഞ്ഞ ദിവസം സിഐടിയു ഏരിയാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.പി. സലിമും സിപിഐയുടെ മറ്റൊരു കൗൺസിലർ ബെന്നി വി. വർഗീസുമായി കൈയാങ്കളി ഉണ്ടായിരുന്നു. രണ്ടു പേരും ആശുപത്രിയിൽ ചികിത്സയും തേയിയിരുന്നു. ഇതിന്റെ തുടർച്ചയായാണോ ഇന്നലെയുണ്ടായ സംഭവങ്ങളെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
മർദനങ്ങളിൽ പ്രതിഷേധിച്ചു സിപിഐ, സിപിഎം പ്രവർത്തകർ ഇന്നലെ രാത്രി നടത്തിയ പ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. സിപിഐ പ്രകടനം പള്ളിക്കവലയ്ക്കു സമീപമെത്തിയപ്പോൾ സിപിഎം, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം മുഖാമുഖമായി വന്നു. തുടർന്നു വാക്കേറ്റവും കൈയാങ്കളിയും നടന്നു. ആക്രമണത്തിൽ ഏതാനും പ്രവർത്തകർക്കു പരിക്കേറ്റതായി പറയുന്നു.
എഐവൈഎഫ് നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറികൂടിയാണ് പരിക്കേറ്റ കൗൺസിലർ മുകേഷ് തങ്കപ്പൻ. ഇദ്ദേഹത്തിന്റെ കാലിന് പൊട്ടലും തലയ്ക്കു മുറിവുമുണ്ട്. ഹരിത കർമസേനയുടെ അടിയന്തരയോഗത്തിൽ പങ്കെടുക്കുന്നതിനായി നഗരസഭാ ഓഫീസിൽ എത്തിയ കൗൺസിലറെ കാത്തുനിന്ന ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നുവെന്നു സിപിഐ മണ്ഡലം സെക്രട്ടറി സി.എൻ. സദാമണി പറഞ്ഞു. തടയാനെത്തിയപ്പോഴാണ് ബിബിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സിപിഎം നേതാവായ കെ.പി. സലിമിനെ അപായപ്പെടുത്താൻ ശ്രമിച്ചശേഷം ഇതിൽനിന്നു തലയൂരാനാണു സിപിഐക്കാർ ശ്രമിക്കുന്നതെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ.ആർ. നാരായണൻ നമ്പൂതിരി പറഞ്ഞു.