ആര്യങ്കാവ് : സര്‍ക്കാര്‍ ജീവനക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ സിപിഐ ലോക്കല്‍കമ്മിറ്റി സെക്രട്ടറിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സിപിഐ കഴുതുരുട്ടി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും പുനലൂര്‍ മണ്ഡലം കമ്മിറ്റി അംഗവും, ആര്യങ്കാവ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി ബി അനിമോനെതിരെയാണ് തെന്മല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2019 സെപ്റ്റംബറില്‍ ജോലി സംബന്ധമായ കാര്യത്തിനായി ആര്യങ്കാവിലെ ബാങ്കിൽ എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരിയോട് അനിമോൻ കയർത്തു സംസാരിക്കുകയും മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചയ്തുവെന്നാണ് പരാതി.
പരാതിയുമായി തെന്മല പോലീസില്‍ എത്തിയെങ്കിലും നടപടി ഉണ്ടാകാതിരുന്നതോടെ പരാതിക്കാരി ഡിജിപിക്ക് വീണ്ടും പരാതി നല്‍കുകയായിരുന്നു.
ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ തെന്മല പോലീസ് കേസെടുത്തിരിക്കുന്നത്. തന്നോട് അപമര്യാദയായി പെരുമാറി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, യോഗം കൂടി അധിക്ഷേപിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് അനിമോനെതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
പരാതി നല്‍കിയതിന്റെ പ്രതികാര ബുദ്ധിയെന്നോണം തനിക്കെതിരെ അനാവശ്യമായ പരാതികള്‍ നല്‍കുകയും ജോലി തന്നെ ഇല്ലാതാക്കും എന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും പരാതിക്കാരി പറയുന്നു.
എന്നാല്‍ പരാതി വ്യാജമാണ് എന്നും പരാതിക്കാരി ജോലി ചെയുന്ന തോട്ടം മേഖലയിലെ സബ്സെന്ററില്‍ ജീവനക്കാരി എത്താറില്ലന്നും തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് ആശുപത്രി വികസന സമിതി യോഗത്തില്‍ ഇക്കര്യം താന്‍ ഉന്നയിച്ചതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും അനിമോന് പറയുന്നു.
ജീവനക്കരിക്കെതിരെ ആദ്യം പോലീസില്‍ പരാതി നല്‍കിയത് താനാണ്. കൂടാതെ പുനലൂര്‍ മുനിസഫ് കോടതിയില്‍ ഇവര്‍ക്കെതിരെ താന്‍ നല്കിയ മാനനഷ്ട കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഇതിനിടയില്‍ ചില സംഘടനകളുടെ പ്രേരണയില്‍ മാസങ്ങള്‍ക്ക് മുമ്പുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ വീണ്ടും പരാതിയുമായി എത്തുകയായിരുന്നുവെന്നും അനിമോന് പറയുന്നു.