കളമശേരി: ചാനൽ ചർച്ചയ്ക്കിടെ അപമാനിച്ചതിൽ പ്രതിഷേധിച്ച് സിപിഎം കളമശേരി ഏരിയ സെക്രട്ടറിയ്ക്കെതിരേ ഏരിയ കമ്മിറ്റിയംഗം പാർട്ടിയ്ക്ക് പരാതി നൽകുന്നു. സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത വേദിയിൽ നിന്ന് വിവാദ നായകൻ സക്കീർ ഹുസൈൻ ഇറങ്ങി പോകാൻ ആവശ്യപ്പെട്ട കാക്കനാട് സ്വദേശിയായ ജനാർദ്ദനനാണ് പാർട്ടിയെ സമീപിക്കുന്നത്.
ചടങ്ങിൽ ബഹളമുണ്ടാക്കിയത് മാനസിക രോഗിയാണെന്ന് കളമശേരി ഏരിയ സെക്രട്ടറി ടി.കെ മോഹനൻ ഇന്നലെ ചാനലിൽ പറഞ്ഞതാണ് വിവാദമായിരിക്കുന്നത് . കളമശേരിയിൽ നടന്ന ബാലാനന്ദൻ അനുസ്മരണ ചടങ്ങിൽ വിവാദ നായകൻ സക്കീർ ഹുസൈൻ പങ്കെടുത്തതിൽ ഒരു വിഭാഗം സി പി എം പ്രവർത്തകർ ശക്തമായി പ്രതികരിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനോടൊപ്പം വേദിയിലും പാർട്ടി ഓഫീസിലും കയറിയതിനെതിരെയാണ് ബഹളം നടന്നത്. കളമശേരി പുതിയ പാലത്ത് നടന്ന വേദിയിൽ കയറിയ മുൻ ഏരിയ സെക്രട്ടറി കൂടിയായ സക്കീർ ഹുസൈനെ ഇറക്കി വിടണമെന്നാവശ്യപ്പെട്ട പ്രവർത്തകനെ ഒരു പറ്റം ആളുകൾ തള്ളിക്കൊണ്ടു പോകുകയും ചെയ്തു.
‘സഖാവിനെ ഒന്നും ചെയ്യരുതെന്ന് ‘ സി പി എം നേതാവ് കെ.എൻ ഗോപിനാഥ് മൈക്കിലൂടെഅഭ്യർഥിക്കുകയും ചെയ്തു. ഈ സമയം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിൽ ഉണ്ടായിരുന്നു.എന്നാൽ എതിർപ്പുകളെ വകവയ്ക്കാൻ സക്കീർ ഹുസൈൻ തയാറായില്ല. സമ്മേളനം കഴിഞ്ഞ് പാർട്ടി ഓഫീസിൽ ഭക്ഷണം കഴിക്കാൻ കോടിയേരി ബാലകൃഷ്ണൻ എത്തിയപ്പോൾ സക്കീർ ഹുസൈൻ കൂടെ പോയതും ബഹളത്തിനിടയാക്കി.
എന്നാൽ നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. രാവിലെ നടന്ന അനുസ്മരണ ചടങ്ങിൽ സദസിൽ ഉണ്ടായിരുന്ന സക്കീർ ഹുസൈൻ എതിർപ്പുകൾ ഇല്ലാതിരുന്നതിനാലാണ് വൈകിട്ടും പങ്കെടുത്തത്. എന്നാൽ രാവിലെ മുതൽ പുകഞ്ഞ അമർഷം വൈകിട്ടോടെ പുറത്ത് വരികയായിരുന്നു.ഈ സംഭവങ്ങളെ ആസ്പദമാക്കി നടന്ന ടിവി ചർച്ചയിലാണ് ഏരിയ സെക്രട്ടറി ടി.കെ. മോഹനൻ ജനാർദനനെ മോശമായി ചിത്രീകരിച്ചത്