സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം. ആരിഫ് എംപി സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു കത്ത് നൽകിയതിനു പിന്നാലെയാണ് യോഗം ചേരുന്നത്.
അന്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംഭവിച്ച വീഴ്ചകളിൽ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും.
സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരേ ഉയർന്ന പരാതികളെ കുറിച്ചാണ് സംസ്ഥാന സമിതി അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുടെ സമിതി അന്വേഷണം നടത്തിയത്.
സമിതിയുടെ അന്വേഷണത്തിൽ സുധാകരനെതിരേ ഭൂരിപക്ഷ അംഗങ്ങളും മൊഴി നൽകിയത് വലിയ കോളിളക്കത്തിനിടയാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ കമ്മീഷന്റെ നിഗമനങ്ങളും സംസ്ഥാന നേതൃത്വം ചർച്ച് ചെയ്ത് തീരുമാനിക്കുന്ന നടപടികളും നിർണായകമാകും. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്യും.
അതേസമയം, ജി. സുധാകരനെ കൂടുതൽ കുരുക്കിലാക്കി എ.എം. ആരിഫ് എംപി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയതായാണ് അറിയുന്നത്.
മുൻ മന്ത്രിയുടെ കാലത്തു നടന്ന ദേശീയപാത നിർമാണത്തിൽ ക്രമക്കേടുണ്ടെ ന്നു ആരോപിക്കുന്ന എംപി, വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് നിലവിലുള്ള മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്പലപ്പുഴയിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വിഭാഗീയതയുടെ തുടർച്ചയായാണ് ആരിഫ് എംപിയുടെ കത്തിനെയും നേതൃത്വം നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിൽ സുധാകരൻ വിഷയം സെക്രട്ടേറിയറ്റ് യോഗത്തിലും ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ച നടന്ന കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങളിലും സംസ്ഥാന സമ്മേളനം മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ വരെയുള്ള നടത്തിപ്പ് സംബന്ധിച്ചും ഇന്നു ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയുണ്ടാകും.