ആദ്യം കെ.പി. ശശികല, പിന്നെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇപ്പോള്‍ കെ. സുരേന്ദ്രനും… ശബരിമല വിഷയത്തില്‍ പോലീസും സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടുകളും പിടിവാശികളും മൂന്നു ബിജെപി നേതാക്കളുടെ പ്രതിച്ഛയയ്ക്ക് നല്കിയത് ജനകീയമുഖം. കെ. സുരേന്ദ്രന്‍ പാര്‍ട്ടിയിലും പൊതുരംഗത്തും മങ്ങിനില്‍ക്കുമ്പോഴാണ് ശബരിമല വിഷയത്തില്‍ അറസ്റ്റു ചെയ്യുന്നത്. പിന്നീട് കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള കേസുകള്‍ തലയില്‍ വച്ചുകെട്ടിയതോടെ സുരേന്ദ്രന് സ്വീകര്യത ലഭിക്കുന്നതാണ് കണ്ടത്.
സിപിഎമ്മും പിണറായി വിജയനും രാഷ്ട്രീയവൈരം തീര്‍ക്കാനുള്ള അവസരമായിട്ടാണ് തന്റെ അറസ്റ്റിനെ കാണുന്നതെന്ന സുരേന്ദ്രന്റെ വാക്കുകള്‍ക്ക് സ്വീകാര്യത ഏറുകയും ചെയ്തു. വത്സന്‍ തില്ലങ്കേരിയെ പോലീസ് മൈക്ക് ഏല്പിച്ചു കൊടുത്തപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. കണ്ണൂരില്‍ ഒതുങ്ങി നിന്നിരുന്ന തില്ലങ്കേരിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ഇടം നല്കാന്‍ ഈ സംഭവം ഇടയാക്കി. ഹിന്ദുസമൂഹത്തിന് ലഭിച്ച വലിയ നേതാവെന്ന തരത്തില്‍ തില്ലങ്കേരിയെ അണികള്‍ തോളിലേറ്റുകയും ചെയ്തു.
സുരേന്ദ്രന്റെ വിഷയത്തിലും സംഭവിച്ചത് ഇതുതന്നെ. സര്‍ക്കാരിന്റെ പ്രതികാര മനോഭാവത്തിന്റെ ഇരയായ നേതാവെന്ന സെന്റിമെന്റല്‍ ഘടകം അടുത്ത തെരഞ്ഞെടുപ്പുകളില്‍ സുരേന്ദ്രന് ഗുണംചെയ്യും. പ്രത്യേകിച്ച് ബിജെപിക്ക് വലിയ അടിത്തറയുള്ള മഞ്ചേശ്വരം പോലൊരു മണ്ഡലത്തില്‍. അടുത്തുതന്നെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വരും. അവിടെ കഴിഞ്ഞതവണ വെറും 89 വോട്ടിന് തോറ്റ സുരേന്ദ്രന് നിയമസഭയിലെത്താനുള്ള കളമൊരുക്കുകയാണ് യഥാര്‍ഥത്തില്‍ സിപിഎം ചെയ്തിരിക്കുന്നത്.